Kerala

സ്വർണ കടത്ത് കേസ്‍: മൂന്നു പേരെ കൂടി കസ്റ്റംസ് കസ്റ്റഡിയിലെടുത്തു

റമീസിൽ നിന്നും സ്വർണം വാങ്ങിയവരാണ് പിടിയിലായത്. ഇവരെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു.

സ്വർണ കടത്ത് കേസില്‍ മൂന്നു പേരെ കൂടി കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. റമീസിൽ നിന്നും സ്വർണം വാങ്ങിയവരാണ് പിടിയിലായത്. ഇവരെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു. രണ്ടു പേരെ കസ്റ്റഡിയിലെടുക്കുകയും ഒരാള്‍ കീഴടങ്ങുകയുമായിരുന്നു എന്നാണ് സൂചന.

സ്വര്‍ണക്കടത്ത് കേസില്‍ കഴിഞ്ഞ ദിവസം പിടിയിലായ റമീസ് റിമാന്‍ഡിലാണുള്ളത്. കേസില്‍ എന്‍‍.ഐ.എയുടെ എഫ്ഐആര്‍ പ്രകാരം നാല് പ്രതികളാണ് കേസിലുള്ളത്. ഒന്നാം പ്രതി കേസില്‍ അറസ്റ്റിലായ സരിത്, രണ്ടാം പ്രതി സ്വപ്ന സുരേഷ്, മൂന്നാം പ്രതി ഫൈസല്‍ പരീത്, നാലാംപ്രതി സ്വപ്നയുടെ ബിസിനസ് പങ്കാളിയായ സന്ദീപ് നായര്‍.

സരിത്തിന്‍റെ മൊഴിയില്‍ നിന്നാണ് റമീസിന്‍റെ പങ്ക് മനസ്സിലായത്. റമീസ് വലിയ കള്ളക്കടത്ത് സംഘത്തിലെ കണ്ണിയാണെന്നാണ് കസ്റ്റംസ് പറയുന്നത്. അനധികൃതമായി കടത്തുന്ന സ്വർണം വാങ്ങി വിതരണക്കാരിലേക്ക് എത്തിക്കുന്നവരിൽ പ്രധാനിയാണ് റമീസെന്നാണ് സൂചന. കഴിഞ്ഞ വർഷം നവംബറിൽ നെടുമ്പാശ്ശേരി വിമാനത്താവളം വഴി തോക്ക് കടത്തിയ കേസിലും പ്രതിയാണ് റമീസ്.

റമീസിന്‍റെ വീട്ടിൽ കഴിഞ്ഞ ദിവസം കസ്റ്റംസ് റെയ്ഡ് നടത്തിയിരുന്നു. റെമീസിന്‍റെ പെരിന്തൽമണ്ണ വെട്ടത്തൂരിലെ വീട്ടിലാണ് കസ്റ്റംസ് സംഘം പരിശോധന നടത്തിയത്. ഒരു മണിക്കൂറിലധികം നീണ്ട റെയ്ഡില്‍ ഡിജിറ്റൽ തെളിവുകള്‍ കസ്റ്റംസ് ശേഖരിച്ചു. മലപ്പുറത്ത് കൂടുതല്‍ പേര്‍ നിരീക്ഷത്തിലാണ്.

നയതന്ത്ര ബാഗ് വഴിയുള്ള സ്വര്‍ണക്കടത്തില്‍ റമീസിന് നിർണായക പങ്കുണ്ടെന്നാണ് കസ്റ്റംസിന്‍റെ കണ്ടത്തല്‍. മുൻപും റമീസ് സ്വർണം കടത്തിയിട്ടുണ്ടെന്ന് കണ്ടെത്തി. 2015ൽ സുഹൃത്തിന്‍റെ ബാഗിൽ സ്വർണം കടത്തി. റമീസിനെ ചോദ്യം ചെയ്തതില്‍ നിന്നാണ്, റമീസ് സ്വര്‍ണം കൈമാറിയവരിലേക്ക് അന്വേഷണം എത്തിയത്. തുടര്‍ന്നാണ് ഇപ്പോള്‍ മൂന്നുപേര്‍ കസ്റ്റഡിയിലായിട്ടുള്ളത്.