ഡെമോക്രാറ്റിക് പാർട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയും ഇന്ത്യൻ വംശജയുമായ കമലാ ഹാരിസിനെയും പ്രസിഡന്റ് സ്ഥാനാർത്ഥി ജോ ബൈഡനെയും കുറിച്ചുള്ള ഓസ്ട്രേലിയൻ പത്രത്തിന്റെ കാർട്ടൂൺ വിവാദത്തിൽ. റൂപർട്ട് മർഡോക്കിന്റെ ന്യൂസ് കോർപിന്റെ ഉടമസ്ഥതയിലുള്ള ‘ദി ഓസ്ട്രേലിയൻ’ പത്രത്തിൽ പ്രസിദ്ധീകരിച്ച കാർട്ടൂണാണ് വിവാദമായിരിക്കുന്നത്.
കാർട്ടൂൺ വംശീയമായി അധിക്ഷേപിക്കുന്നതാണെന്ന ആരോപണം ഇതിനോടകം ഉയർന്നു. നിരവധി പ്രമുഖർ കാർട്ടൂണിനെതിരെ രംഗത്തെത്തി. കാർട്ടൂൺ കുറ്റകരവും വംശീയവുമാണെന്ന് ഓസ്‌ട്രേലിയൻ കാബിനറ്റ് മന്ത്രി ആൻഡ്രൂ ഗൈൽസ് ട്വിറ്ററിൽ പ്രതികരിച്ചു. മാന്യതയും നിലവാരവും ഉണ്ടെങ്കിൽ പത്രം ഉടൻ മാപ്പ് ചോദിക്കണമെന്നും ഇത്തരം കാർട്ടൂണുകൾ ഇനി പ്രസിദ്ധീകരിക്കരുതെന്നും മുൻ അറ്റോർണി ജനറൽ മാർക്ക് ഡ്രെയ്ഫസ് ട്വീറ്റ് ചെയ്തു.
തമിഴ് കുടുംബത്തിൽ നിന്നുള്ള ശ്യാമള ഗോപാലന്റെയും ജമൈക്കൻ വംശജൻ ഡോണാൾഡ് ഹാരിസിന്റെയും മകളാണ് കമല. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ആദ്യ ഇന്ത്യൻ-അമേരിക്കനാണ് കമലാ ഹാരിസ്.