India International World

10 ലക്ഷത്തിന്റെ 200 വെന്റിലേറ്ററുകള്‍ ഇന്ത്യക്ക് നല്‍കുമെന്ന് അമേരിക്ക

നരേന്ദ്ര മോദിയെ അടുത്ത സുഹൃത്തെന്ന് വിശേഷിപ്പിച്ച ട്രംപ് കോവിഡിനെതിരായ വാക്‌സിന്‍ നിര്‍മ്മാണത്തില്‍ ഇന്ത്യയുമായി സഹകരിക്കുമെന്നും അറിയിച്ചിട്ടുണ്ട്…

കോവിഡിനെതിരായ പോരാട്ടത്തില്‍ ഇന്ത്യയുമായി സഹകരിക്കുമെന്ന് പ്രഖ്യാപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. മൂന്ന് ആഴ്ച്ചക്കകം ഒരു വെന്റിലേറ്ററിന് 10 ലക്ഷം രൂപയോളം വിലവരുന്ന 200 മൊബൈല്‍ വെന്റിലേറ്ററുകളാണ് അമേരിക്ക ഇന്ത്യക്ക് കൈമാറുക. വാക്‌സിന്‍ നിര്‍മ്മാണത്തിലും ഇന്ത്യയുമായി സഹകരിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ട്വീറ്റ് ചെയ്തു.

ഈ മാസം അവസാനത്തോടെയോ ജൂണ്‍ തുടക്കത്തിലോ അമേരിക്കയില്‍ നിന്നും വെന്റിലേറ്ററുകള്‍ ഇന്ത്യയിലെത്തുമെന്നാണ് സര്‍ക്കാര്‍ സ്രോതസുകളെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ടു ചെയ്യുന്നത്. ഇറക്കുമതി ചിലവുകള്‍ ഒഴികെ ഒരു വെന്റിലേറ്ററിന് 13000 ഡോളറാണ്(ഏതാണ്ട് 9.60 ലക്ഷം രൂപ) വില. 200 വെന്റിലേറ്ററിന് മൊത്തം 2.6 ദശലക്ഷം ഡോളറാണ്(19.20 കോടിരൂപ) കണക്കാക്കുന്നത്.

ട്രംപ് ട്വിറ്ററിലൂടെയാണ് ഇന്ത്യയിലേക്ക് വെന്റിലേറ്ററുകള്‍ അക്കുന്ന വിവരം പുറത്തുവിട്ടത്. കോവിഡ് രോഗികളുടെ എണ്ണത്തില്‍ ചൈനയെ(82933) ഇന്ത്യ(85700) മറികടന്നതിന് പിന്നാലെയാണ് ട്രംപിന്റെ സഹായം. അദൃശ്യ ശത്രുവിനെതിരായ വാക്‌സിന്‍ നിര്‍മ്മാണത്തിലും ഇന്ത്യയും അമേരിക്കയും സഹകരിക്കുമെന്നും ട്രംപ് അറിയിച്ചു.

പിന്നീട് നടത്തിയ വാര്‍ത്താസമ്മേളനത്തിന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ എന്റെ അടുത്ത സുഹൃത്തെന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. കോവിഡിനെതിരായ പോരാട്ടത്തില്‍ ഇന്ത്യക്കൊപ്പം തോളോടു തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും ട്രംപ് പറഞ്ഞു. നേരത്തെ ഹൈഡ്രോക്‌സിക്ലോറോക്വിന്‍ ഗുളികകള്‍ ട്രംപിന്റെ ആവശ്യത്തെ തുടര്‍ന്ന് കയറ്റുമതി നിബന്ധനകളില്‍ ഇളവു നല്‍കിക്കൊണ്ട് അമേരിക്കയിലേക്ക് ഇന്ത്യ അയച്ചുകൊടുത്തിരുന്നു.