India National

എസ്.എസ്.എല്‍.സി പരീക്ഷ മൂല്യനിര്‍ണയം ഇന്നാരംഭിക്കും

എസ്.എസ്.എല്‍.സി പരീക്ഷയുടെ കേന്ദ്രീകൃത മൂല്യനിര്‍ണയം ഇന്നാരംഭിക്കും. 70 ക്യാമ്പുകളിലായാണ് മൂല്യനിര്‍ണയം നടത്തുന്നത്. മൂല്യനിര്‍ണയത്തിന് പോകുന്ന അധ്യാപകര്‍ക്കായി കെ.എസ്.ആര്‍.ടി.സി സ്പെഷ്യല്‍ സര്‍വീസ് നടത്തും. എസ്.എസ്.എല്‍.സി/ ടി.എച്ച്.എസ്‌.എല്‍.സി പരീക്ഷകളുടെ മൂല്യനിര്‍ണയമാണ് ഇന്ന് ആരംഭിക്കുന്നത്.

എസ്.എസ്.എല്‍.സിയുടെ മൂല്യനിര്‍ണയത്തിനായി 12, 604 അധ്യാപകരെയാണ് നിയോഗിച്ചിട്ടുള്ളത്. ടി.എച്ച്.എസ്.എല്‍.സി പരീക്ഷയുടെ മൂല്യനിര്‍ണയം രണ്ട് ക്യാമ്പുകളിലായി 92 അധ്യാപകരുടെ നേതൃത്വത്തില്‍ നടക്കും. ഈ മാസം 25ന് മൂല്യനിര്‍ണയം പൂര്‍ത്തിയാക്കണമെന്നാണ് നിര്‍ദേശം. എക്‌സാമിനർമാരായി നിയമനം ലഭിച്ച അധ്യാപകര്‍ രാവിലെ ഒമ്പത് മണിക്ക് അതാത് ക്യാമ്പുകളിൽ എത്തണമെന്ന് പരീക്ഷാഭവൻ സെക്രട്ടറി അറിയിച്ചിട്ടുണ്ട്. മൂല്യനിർണ്ണയ ക്യാമ്പുകളിൽ പോകുന്ന അധ്യാപകർക്കായി കെഎസ്ആർടിസി സ്പെഷ്യൽ സർവീസ്നടത്തും.

സംസ്ഥാനത്തെ എല്ലാ ഡിപ്പോകളിൽ നിന്നും സ്പെഷ്യൽ സർവീസ് നടത്താൻ നിർ‌ദ്ദേശം നൽകിയതായി ഗതാഗതമന്ത്രി ആന്‍റണി രാജു അറിയിച്ചു. അധ്യാപകർക്കുള്ള വാക്സിനേഷൻ കഴിഞ്ഞ ദിവസം പൂർത്തിയാക്കിയിരുന്നു. എസ്എസ്എല്‍സി /റ്റിഎച്ച്എസ്എല്‍സി പരീക്ഷകളുമായി ബന്ധപ്പെട്ട പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഒഴിവാക്കാൻ നേരത്തെ തീരുമാനിച്ചിരുന്നു. അതേസമയം ജൂണ്‍ ഒന്നിന് ആരംഭിച്ച ഹയര്‍സെക്കണ്ടറി മൂല്യനിര്‍ണയം 19ന് അവസാനിക്കും.