India Kerala

മരടിലെ ഫ്ലാറ്റുടമകൾ ഇന്ന് മുതൽ ഒഴിഞ്ഞു തുടങ്ങും

മരടിലെ ഫ്ലാറ്റുടമകൾ ഇന്ന് മുതൽ ഒഴിഞ്ഞു തുടങ്ങും. പുനരധിവാസത്തിന് ജില്ലാ ഭരണകൂടം കണ്ടെത്തിയ 510 ഫ്ലാറ്റുകളിൽ ഏറ്റവും സൗകര്യപ്രദമായത് തെരഞ്ഞെടുത്ത് നഗരസഭയെ അറിയിക്കാൻ ഫ്ലാറ്റുടമകൾക്ക് നിർദേശം നൽകിയിട്ടുണ്ട്.

അനുയോജ്യമായ ഫ്ലാറ്റുകൾ കണ്ടെത്തി അറിയിച്ചാൽ എത്രയും വേഗം സാധന സാമഗ്രികൾ മാറ്റാനാവശ്യമായ സൗകര്യങ്ങൾ ചെയ്തു കൊടുക്കുമെന്ന് നഗരസഭ അറിയിച്ചിട്ടുണ്ട്. ഇതിന്റെ ചിലവും നഗരസഭ വഹിക്കും. ഇന്ന് മുതൽ നാല് ദിവസം മാത്രമാണ് ഒഴിപ്പിക്കൽ നടപടി പൂർത്തിയാകാൻ ശേഷിക്കുന്നത്. ഇന്നലെ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരെത്തി ഉടമകളുടെ ബാക് അക്കൗണ്ട് വിവരങ്ങളടക്കം ശേഖരിച്ചിട്ടുണ്ട്. ഫ്ലാറ്റുകളിൽ വാടകക്ക് താമസിക്കുന്നവർ നേരത്തെ മുതൽ ഒഴിഞ്ഞ് തുടങ്ങിയിരുന്നു.

വിദേശത്തുള്ളവരുടെ സാധന സാമഗ്രികൾ മൂന്നാം തിയതി ഫ്ലാറ്റുകളിൽ നിന്ന് മാറ്റി ജില്ലാ ഭരണകൂടത്തിന്റെ സംരക്ഷണയിൽ സൂക്ഷിക്കും. എട്ടാം തിയതിയോടെ പൊളിക്കാനുള്ള കമ്പനിയെ നിശ്ചയിച്ച് ഒമ്പതാം തിയതി ഫ്ലാറ്റുകൾ കമ്പനിക്ക് കൈമാറും. പതിനൊന്നാം തിയതിയോടെ പൊളിക്കൽ ആരംഭിക്കും. നിർമാതാക്കൾക്കെതിരെ ഉടമകൾ നൽകിയ പരാതിയിൽ ക്രൈം ബ്രാഞ്ച് അന്വേഷണവും ഊർജ്ജിതമായിട്ടുണ്ട്.