India

ശബരിമലയിലെത്തിയ ശ്രീലങ്കന്‍ സ്വദേശിനി ദര്‍ശനം നടത്താതെ മടങ്ങി

ശബരിമലയിലെത്തിയ ശ്രീലങ്കന്‍ സ്വദേശിനി ദര്‍ശനം നടത്താതെ മടങ്ങി. സന്നിധാനത്തിനടുത്ത് പൊലീസ് മടക്കി അയച്ചുവെന്ന് ശ്രീലങ്കന്‍ സ്വദേശിനി ശശികല പറഞ്ഞു. എന്നാല്‍ യുവതി ദര്‍ശനം നടത്തിയെന്നായിരുന്നു മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍.

ദര്‍ശനം നടത്തിയോ എന്ന ചോദ്യത്തിന് അതിരൂക്ഷമായിട്ടായിരുന്നു ശശികലയുടെ പ്രതികരണം. ‘’48 ദിവസം പൂര്‍ണ’വ്രതമെടുത്താണ് ഞാനെത്തിയത്. എന്നാല്‍ എനിയ്ക്ക് ദര്‍ശനം നടത്താന്‍ സാധിച്ചില്ല. പൊലീസ് അതിന് അനുമതി നല്‍കിയില്ല. എന്തിനാണ് എന്നെ തടഞ്ഞതെന്ന് അറിയില്ല. പൊലീസ് എന്നെ തിരിച്ചിറിക്കുകയായിരുന്നു. ഞാന്‍ അയ്യപ്പന്റെ ഭക്തയാണ്. മറ്റുള്ളവരെ പോലെയല്ലെന്നും’’ ശശികല പറഞ്ഞു.

രാത്രി ഒന്‍പതരയോടെ, കുടുംബമായെത്തിയ യുവതി ദര്‍ശനം നടത്തിയെന്നും പതിനൊന്നു മണിയോടെ, മടങ്ങിയെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ വന്നത്. എന്നാല്‍, പതിനൊന്നിന് നടയടച്ച ശേഷം യുവതിയുടെ ഭര്‍ത്താവിനെയും മകനെയും സന്നിധാനത്തു വച്ച് മാധ്യമപ്രവര്‍ത്തകര്‍ കണ്ടു. ചോദ്യങ്ങളോടു പ്രതികരിയ്ക്കാതെ മാധ്യമപ്രവര്‍ത്തകരോടു തട്ടിക്കയറിയ ശരവണമാരനെ പിന്നീട് പൊലിസ് കണ്‍ട്രോള്‍ റൂമില്‍ എത്തിച്ചു. അല്‍പസമയത്തിനു ശേഷം മാധ്യമങ്ങളോടു സംസാരിയ്ക്കാന്‍ ശരവണമാരന്‍ തയ്യാറായി. ‘’ഞങ്ങള്‍ ഒരുമിച്ചാണ് മല കയറിയത്. എന്നാല്‍, ഭാര്യ പകുതിയില്‍ നിന്നു പോയി. ദര്‍ശനം നടത്തിയിട്ടില്ല…’’ശരവണമാരന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം ബിന്ദുവും കനകദുര്‍ഗയും സന്നിധാനത്ത് എത്തിയത്, പൂര്‍ണ പൊലീസ് സുരക്ഷയിലായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇവര്‍ ദര്‍ശനം നടത്തിയ കാര്യം സ്ഥിരീകരിച്ചത്. ഇന്നലെ, മറ്റൊരു യുവതിയും മകനും കൂടി ദര്‍ശനത്തിനായി എത്തിയിരുന്നു. എന്നാല്‍, പ്രതിഷേധത്തിന്റെ സാധ്യത കണക്കിലെടുത്ത് അവരും തിരിച്ചിറങ്ങി.