India

‘കോടതി വിധിയെ ബഹുമാനിക്കുന്നില്ല’; കേന്ദ്രസര്‍ക്കാരിന് സുപ്രിംകോടതിയുടെ രൂക്ഷവിമര്‍ശനം

രാജ്യത്തെ വിവിധ ട്രൈബ്യൂണലുകളിലെ ഒഴിവുകള്‍ നികത്താത്തതില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനമുന്നയിച്ച് സുപ്രിംകോടതി. കേന്ദ്രസര്‍ക്കാര്‍ കോടതിവിധിയെ ബഹുമാനിക്കുന്നില്ലെന്ന് ചീഫ് ജസ്റ്റിസ് എന്‍.വി. രമണ അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. കേന്ദ്രം കോടതിയുടെ ക്ഷമ പരീക്ഷിക്കുകയാണെന്നും വിമര്‍ശനമുയര്‍ത്തി. അടുത്ത തിങ്കളാഴ്ചയ്ക്കകം ഒഴിവുകള്‍ നികത്താന്‍ കേന്ദ്രത്തിന് ഒരു അവസരം കൂടി
നല്‍കി.

രാജ്യത്തെ വിവിധ ട്രൈബ്യൂണലുകളിലെ ഒഴിവുകള്‍ നികത്താത്തതിലും, കോടതി വിധി മറികടക്കാന്‍ പുതിയ ട്രൈബ്യൂണല്‍ റിഫോംസ് നിയമം കൊണ്ടുവന്നതിലും കടുത്ത അതൃപ്തിയും, വിമര്‍ശനവുമാണ് ചീഫ് ജസ്റ്റിസ് എന്‍.വി. രമണ അധ്യക്ഷനായ ബെഞ്ചിന്റെ ഭാഗത്ത് നിന്നുണ്ടായത്. ട്രൈബ്യൂണലുകളിലെ ഒഴിവുകള്‍ നികത്താതെ കേന്ദ്രസര്‍ക്കാര്‍ ട്രൈബ്യൂണലുകളുടെ വരിയുടയ്ക്കുകയാണ്. പല ട്രൈബ്യൂണലുകളും അടച്ചുപൂട്ടലിന്റെ വക്കിലാണ്. മൂന്ന് പോംവഴികളാണ് കോടതിക്ക് മുന്നിലുള്ളതെന്ന് ചീഫ് ജസ്റ്റിസ് എന്‍.വി. രമണ പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ നിയമം സ്റ്റേ ചെയ്യുക, ട്രൈബ്യൂണലുകള്‍ അടച്ചുപൂട്ടി അതിന്റെ അധികാരം ഹൈക്കോടതിയെ ഏല്‍പ്പിക്കുക, മൂന്നാമതായി സുപ്രിംകോടതി നേരിട്ട് നിയമനങ്ങള്‍ നടത്തുക. ഇതോടെ സോളിസിറ്റര്‍ ജനറല്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടു.

രണ്ടാഴ്ചയ്ക്കകം ഒഴിവുകള്‍ നികത്തുമെന്നാണ് ധനമന്ത്രാലയം അറിയിച്ചിട്ടുള്ളതെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു. തുടര്‍ന്ന് കേസ് പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റി. ആ സമയത്തിനുള്ളില്‍ കേന്ദ്രസര്‍ക്കാര്‍ നിയമനങ്ങള്‍ നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സുപ്രിംകോടതി വ്യക്തമാക്കി.