India National

ഹിജാബ് നിരോധനത്തിനെതിരെ സംസാരിച്ച പെണ്‍കുട്ടി പ്രതികരണവുമായി രംഗത്ത്

കര്‍ണാടകയിലെ കോളേജുകളിലെ ഹിജാബ് നിരോധനത്തിനെതിരെ അള്ളാഹു അക്ബര്‍ മുഴക്കിയ ശിവമോഗ പി.യു കോളേജിലെ മുസ്‌കന്‍ എന്ന പെണ്‍കുട്ടി പ്രതികരണവുമായി രംഗത്ത്. എന്‍.ഡി.ടി.വിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മുസ്‌കന്‍ മനസുതുറന്നത്. (hijab)

‘ബുര്‍ഖ ധരിച്ചതുകൊണ്ടു മാത്രമാണ് അവരെന്നെ അകത്ത് കയറാന്‍ അനുവദിക്കാത്തത്. എനിക്ക് തീരെ ഭയമില്ലായിരുന്നു,
അവര്‍ ജയ്ശ്രീറാം മുഴക്കി എനിക്ക് നേരെ വന്നപ്പോഴാണ് ഞാന്‍ അള്ളാഹു അക്ബര്‍ എന്ന് വിളിക്കാന്‍ തുടങ്ങിയത്. അധ്യാപകരും പ്രിന്‍സിപ്പലും മറ്റ് ജീവനക്കാരും എന്നെ സംരക്ഷിക്കാനാണ് ശ്രമിച്ചത്.

പ്രശ്നങ്ങളുണ്ടാക്കിയവരില്‍ ഭൂരിഭാഗം പേരും അവിടെ പഠിക്കുന്നവര്‍ പോലുമല്ല. എനിക്കെതിരെ പ്രതിഷേധവുമായെത്തിയവരില്‍ പത്ത് ശതമാനം പേര്‍ മാത്രമാണ് അവിടെ പഠിക്കുന്നവര്‍. കഴിഞ്ഞ ആഴ്ച മുതലാണ് ഈ പ്രശ്നങ്ങളെല്ലാം ഉണ്ടായത്. ഹിജാബും ബുര്‍ഖയും തന്നെയായിരുന്നു ഞങ്ങള്‍ എപ്പോഴും ധരിക്കാറുണ്ടായിരുന്നത്. വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ ഹിജാബും ബുര്‍ഖയും ധരിക്കുകയും ക്ലാസിലെത്തിയാല്‍ അവ ഊരി മാറ്റുകയുമാണ് പതിവ്. ഹിജാബ് ധരിക്കുന്നതില്‍ പ്രിന്‍സിപ്പലിന് പോലും പ്രശ്നമുണ്ടായിരുന്നില്ല. പുറത്ത് നിന്നെത്തിയവരാണ് പ്രശ്നങ്ങളുണ്ടാക്കിയത്.

ഇത്തമൊരു മോശം സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ ബുര്‍ഖയുമായി കോളേജിലേക്ക് വരണ്ട എന്ന് പ്രിന്‍സിപ്പല്‍ നിര്‍ദേശിച്ചിരുന്നു. അദ്ദേഹം മറ്റൊന്നും തന്നെ പറഞ്ഞിരുന്നില്ല. എനിക്ക് മുന്‍പേ ബുര്‍ഖ ധരിച്ചെത്തിയ അഞ്ചോളം സുഹൃത്തുക്കള്‍ക്കും ഇതേ അനുഭവം തന്നെയാണുണ്ടായത്. അവര്‍ കരയുകയായിരുന്നു. എന്റെ ക്ലാസിലെ മറ്റ് കുട്ടികളും ഹിന്ദു മതത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികളും എന്നെ പിന്തുണയ്ക്കുന്ന നിലപാടാണ് ഇപ്പോഴും സ്വീകരിക്കുന്നത്.’ മുസ്‌കന്‍ വ്യക്തമാക്കുന്നു.

ഹിജാബ് വിവാദം ജനുവരിയിലാണ് ആരംഭിച്ചത്. ഉഡുപ്പിയിലെ പി.യു കോളേജിലെ പഠിക്കുന്ന ആറ് വിദ്യാര്‍ത്ഥിനികള്‍ ശിരോവസ്ത്രം ധരിച്ചെത്തിയതോടെ പുറത്ത് പോകാന്‍ സ്‌കൂള്‍ അധികൃതര്‍ ആവശ്യപ്പെടുകയായിരുന്നു. അതോടെയാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. അതേസമയം ഉഡുപ്പി, ശിവമോഗ, ബഗാല്‍കോട്ട എന്നിവടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് വിവാദം കനത്തതോടെ പൊലീസ് ഇടപെട്ടു. ഉഡുപ്പിയിലെ ഗവണ്‍മെന്റ് കോളേജില്‍ പഠിക്കുന്ന അഞ്ച് വിദ്യാര്‍ത്ഥിനികള്‍ നല്‍കിയ ഹര്‍ജികള്‍ പരിഗണിക്കവേ കോളേജിലെ ഹിജാബ് നിരോധനത്തെ കര്‍ണാടക ഹൈക്കോടതി ചോദ്യം ചെയ്തിരുന്നു.