India National

രാമക്ഷേത്ര നിര്‍മ്മാണത്തിന്റെ കാര്യത്തില്‍ സംശയം വേണ്ടതില്ലെന്ന് ആര്‍.എസ്.എസ് തലവന്‍

അയോധ്യയിൽ കണ്ണഞ്ചിപ്പിക്കുന്ന രാമക്ഷേത്ര നിർമ്മാണം ആരംഭിക്കുമെന്ന് ആർ.എസ്.എസ് തലവൻ മോഹൻ ഭാഗവത്. അടുത്ത വർഷത്തിനകം, രാജ്യത്തിന്റെ രാഷ്ട്രീയ സാഹചര്യം എന്തു തന്നെയായാലും പദ്ധതി നടപ്പിലാക്കുമെന്നും ഭാഗവത് പറഞ്ഞു. വിശ്വ ഹിന്ദു പരിഷത്തിന്റെ ധർമ സൻസദിൽ സംസാരിക്കുകയായിരുന്നു സംസാരിക്കുകയായിരുന്നു ഭാഗവത്.

ക്ഷേത്ര നിർമ്മാണത്തിനായുള്ള ശ്രമം സർക്കാർ തുടരേണ്ടതുണ്ട്. രാമ ക്ഷേത്രം തങ്ങളുടെ വിഷയമല്ലെന്ന് അയോധ്യ കേസുമായി ബന്ധപ്പെട്ട് കോടതി പറ‍ഞ്ഞതിന്റെ പശ്ചാതലത്തിൽ, കേന്ദ്രം ഇതിനു മുന്നിട്ടിറങ്ങണം. അയൽ രാജ്യങ്ങളിൽ പീഡനമനുഭവിക്കുന്ന ഹിന്ദുക്കൾക്ക് ഇന്ത്യൻ പൗരത്വം നൽകുന്നതിനായി കേന്ദ്രം നിയമ നിർമ്മാണം നടത്തണമെന്നും, ക്ഷേത്ര നിർമ്മാണം ഒരിക്കലും രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള ഒരു കാര്യമല്ലെന്നും ഭാഗവത് പറഞ്ഞു.

ക്ഷേത്ര നിർമ്മാണത്തിനായുള്ള പ്രപ്പോസലിന് ധര്‍മ സന്‍സദ് അംഗീകാരം നൽകി. വി.എച്ച്.പിയുടെ പ്രപ്പോസലിന് സംഘ് പരിവാറിന്റെ സകല പിന്തുണയും നൽകുന്നതായി മോഹൻ ഭാഗവത് പറഞ്ഞു. ജുന അഖാര മഹാമണ്ഡലേശ്വർ സ്വാമി അവ്ദേശ്വാനന്ദ്, വി.എച്ച്.പി സോണൽ ഓർഗനെെസേഷൻ സെക്രട്ടറി അംബരീഷ് സിംഗ് എന്നിവരും ക്ഷേത്രം ഉടൻ നിർമ്മിക്കേണ്ടതിന്റെ പ്രാധാന്യത്തെ പറ്റി സൻസദിൽ സംസാരിച്ചു. ഹിന്ദു സംസ്കാരത്തിന് അർഹിച്ച പരിഗണന ലഭിച്ച കാലമായിരുന്നു ഇതെന്നും, ഈ സർക്കാറിന്റെ ‘ഭവ്യ സർക്കാർ, ഭവ്യ മന്ദിർ’ എന്ന പദ്ധതിയുടെ നടത്തിപ്പിനായി ഭരണത്തുടർച്ച ഉണ്ടാകേണ്ടത് അനിവാര്യമാണെന്നും സന്ത് സമിതി അധ്യക്ഷൻ സ്വാമി അവികൾ പറഞ്ഞു.