India National

രാജി തീരുമാനത്തില്‍ ഉറച്ച് രാഹുല്‍ ഗാന്ധി

ലോക്സഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന്റെ പശ്ചാത്തലത്തിൽ കോൺഗ്രസ് അധ്യക്ഷ പദം ഒഴിയുമെന്ന നിലപാടില്‍ ഉറച്ച് രാഹുല്‍ ഗാന്ധി. തീരുമാനത്തില്‍ മാറ്റമില്ലെന്ന് മുതിര്‍ന്ന നേതാക്കളെ രാഹുല്‍ ഗാന്ധി അറിയിച്ചു. അതേസമയം രാഹുലിന്റെ രാജി സംബന്ധിച്ച വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് അഹമ്മദ് പട്ടേല്‍ പറഞ്ഞു.

ലോക്സഭാ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് വൻ പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെയാണ് അധ്യക്ഷ പദവി ഒഴിയാന്‍ രാഹുല്‍ ഗാന്ധി സന്നദ്ധത അറിയിച്ചത്. രാജി പ്രവര്‍ത്തക സമിതി തള്ളിയെങ്കിലും രാഹുല്‍ ഉറച്ചുതന്നെയാണ്. തീരുമാനത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ മുതിര്‍ന്ന നേതാവ് അഹമ്മദ് പട്ടേലും കെ.സി വേണുഗോപാലും രാഹുലിനെ സന്ദര്‍ശിച്ചെങ്കിലും മറുപടി അനുകൂലമല്ല. അധ്യക്ഷ സ്ഥാനത്തേക്ക് മറ്റൊരാളെ കണ്ടെത്താനാണ് രാഹുല്‍ നല്‍കിയ നിര്‍ദേശം. പുതുതായി തെരഞ്ഞെടുക്കപ്പെട്ട എം.പിമാരെ കാണാനും രാഹുല്‍ കൂട്ടാക്കിയില്ല. അധ്യക്ഷനെന്ന നിലയിലെ എല്ലാ കൂടിക്കാഴ്ചകളും യോഗങ്ങളും റദ്ദാക്കാനും അദ്ദേഹം നിര്‍ദേശം നല്‍കിയിട്ടുണ്ട്.

രാജി തീരുമാനത്തെ ആദ്യം എതിര്‍ത്ത സോണിയ ഗാന്ധിയും പ്രിയങ്കയും ഇപ്പോള്‍ രാഹുലിന്റെ തീരുമാനത്തെ മാനിക്കുന്നുവെന്നാണ് വിവരം. രാഹുലിന്റെ രാജി ബി.ജെ.പിയുടെ കെണിയില്‍ വീഴലാണെന്നാണ് പ്രവര്‍ത്തക സമിതിയില്‍ പ്രിയങ്ക പറഞ്ഞത്. രാജി സന്നദ്ധത അറിയിച്ചെങ്കിലും പുതിയൊരാളെ കണ്ടെത്തുംവരെ രാഹുല്‍ പദവിയില്‍ തുടര്‍ന്നേക്കും.

അതേസമയം രാഹുലിന്റെ രാജി സംബന്ധിച്ച വാര്‍ത്തകള്‍ തെറ്റാണെന്ന് അഹമ്മദ് പട്ടേല്‍ പ്രതികരിച്ചു. രാഹുലുമായുള്ള ഇന്നത്തെ കൂടിക്കാഴ്ച നേരത്തെ നിശ്ചയിച്ചതാണ്. കൂടിക്കാഴ്ച ദൈനംദിന ഓഫീസ് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായിരുന്നു. കൂടിക്കാഴ്ചയെ കുറിച്ചുള്ള മറ്റെല്ലാ ഊഹങ്ങളും അടിസ്ഥാനരഹിതമാണെന്നും അഹമ്മദ് പട്ടേല്‍ ട്വിറ്ററില്‍ വ്യക്തമാക്കി.