India Kerala

മോദിയുടെ തെരഞ്ഞെടുപ്പ് വിജയത്തെ പ്രശംസിച്ച് എ.പി അബ്ദുള്ളക്കുട്ടി

നരേന്ദ്ര മോദിയുടെ തെരഞ്ഞെടുപ്പ് വിജയത്തെ പ്രശംസിച്ച് കോണ്‍ഗ്രസ് നേതാവ് എ.പി അബ്ദുള്ളക്കുട്ടി . തെരഞ്ഞെടുപ്പ് വിജയം മോദിയുടെ വികസന അജണ്ടക്കുള്ള അംഗീകാരമാണ് . ബി.ജെ.പിക്ക് അകത്തുള്ളവരെ പോലും ആശ്ചര്യപ്പെടുത്തുന്ന വിജയമാണ് മോദിയുടേത് . മോദിയുടെ വിജയം എല്ലാ രാഷ്ട്രീയ പ്രവര്‍ത്തകരും വിശകലനം ചെയ്യണം. രാഷ്ട്രീയം മാറുകയാണ്, വിജയം വികസനത്തിനൊപ്പമാണ് . ജനങ്ങളുടെ പുരോഗതിക്കായി കൈ കോര്‍ക്കുന്ന ഭരണ- പ്രതിപക്ഷ ശൈലി ചര്‍ച്ച ചെയ്യണം. മോദിയെ വിമര്‍ശിക്കുമ്പോള്‍ യാഥാര്‍ഥ്യങ്ങള്‍ വിസ്മരിക്കരുതെന്നും അബ്ദുള്ളക്കുട്ടി ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

നരേന്ദ്ര മോദിയുടെ മഹാവിജയത്തെ പറ്റി നരേന്ദ്ര മോദിയുടെ അത്യുഗ്രൻ വിജയത്തെ കുറിച്ചുള്ള പല നിരീക്ഷണ ങ്ങളും പുറത്ത് വന്നു കൊണ്ടിരിക്കുകയാണല്ലൊ. എന്ത് കൊണ്ട് ഈ വിജയം ഉണ്ടായി? എന്റെ FB കൂട്ട് കാരുടെ സമക്ഷത്തിങ്കലേക്ക് ചില തോന്നലുകൾ തുറന്നു പറയട്ടെ. പ്രതിപക്ഷക്കാർ മാത്രമല്ല. BJP ക്കകത്തുള്ളവരെ പോലും ആശ്ചര്യപ്പെടുത്തുന്ന വിജയമാണ് ഉണ്ടായത്.

എല്ലാ രാഷ്ടീയ പ്രവർത്തകരും വികാരങ്ങൾ മാറ്റി വെച്ച് നിഷ്പക്ഷമായി ശാന്തമായി വിശകലനം ചെയ്യേണ്ടതാണ് ഈ സംഗതിയാണിത്. നരേന്ദ്ര മോദിയുടെ ഭരണതന്ത്രജ്ഞതയുടെ വികസന അജണ്ടയുടെ അംഗീകാരം തന്നെയാണിത്. വളരെ കൗതുകരായ ഒരു കാര്യം ഇദ്ദേഹത്തിനെ ജനപ്രിയനാക്കിയതിന്റെ രഹസ്യം ഒരു ഗാന്ധിയൻ മൂല്യം ഗാന്ധിയുടെ നാട്ടുകാരൻ മോദി തന്റെ ഭരണത്തിൽ പ്രയോഗിച്ചു എന്നുള്ളതാണ്. മഹാത്മാ ഗാന്ധി പൊതുപ്രവർത്തകരോട് പറഞ്ഞു….നിങ്ങൾ ഒരു നയം ആവിഷ്ക്കരിക്കുമ്പോൾ ജീവിതത്തിൽ കണ്ടുമുട്ടിയ ഏറ്റവും പാവപ്പെട്ടവന്റെ മുഖം ഓർമ്മിക്കുക… ശ്രീ മോദി അത് കൃത്യമായി നിർവ്വഹിച്ചു.

1) സ്വച്ച് ഭാരത് സ്കീമിൽ 9.16 കോടി കുടുംബങ്ങൾക്ക് സ്വന്തം ടോയ് ലെറ്റ് നൽകി.

2) പ്രധാനമന്ത്രി ഉജ്വലയോജന സ്കീമിൽ 6 കോടി കുടുംബങ്ങൾക്കാണ് സൗജന്യമായി LPG ഗ്യാസ് കണക്ഷൻ നൽകിയത്.

കേരളം വിട്ടാൽ നാമല്ലാം കണ്ട സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും ദയനീയമായ കാഴ്ചയായിരുന്നു വെളിം പ്രദേശത്ത് മലമൂത്ര വിസർജനത്തിനിരിക്കുന്ന പാവങ്ങളുടെ ചിത്രം മോദി ഒരു പരിധി വരെ അതിനോട് നീതി കാണിച്ചു. ചാണകം ഉണക്കി, ഉണക്ക ചില്ല കമ്പുകൾ ശേഖരിച്ച് അടുപ്പു ഊതി തളർന്നു പോയ 6 കോടി അമ്മമാർക്ക് മോദി നൽകിയ ആശ്വാസം എത്ര ഹൃദ്യമാണ്.ജനകോടികളിൽ അദ്ദേഹത്തെ പ്രിയങ്കരനാക്കിയത് ഇതൊക്കെ ഒരു കാരണമല്ലെ ? സ്മാർട്ട് സിറ്റികളും ബുള്ളൻ ട്രെയിൻ ഉൾപ്പെടെ നിരവധിസ്വപ്ന പദ്ധതികൾ രാഷ്ടീയ അജണ്ടയിൽ കൊണ്ടുവന്നത് കാണാതേ പോകരുത്… നമ്മുടെ രാഷ്ട്രീയം മെല്ലെ മാറുകയാണ് വിജയങ്ങൾ ഇനി വികസനങ്ങൾക്കൊപ്പമാണ്….നരേന്ദ്ര മോദിയെ വിമർശിക്കമ്പോൾ ഈ യാഥാർത്ഥ്യങ്ങൾ വിസ്മരിക്കുത്….പല വികസിത സമൂഹത്തിലും തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ രാജ്യ വികസനത്തിലും ജനങ്ങളുടെ പുരോഗതിക്കും കൈകോർത്ത് നിൽക്കുന്ന ഭരണ പ്രതിപക്ഷ ശൈലിയും നാം ചർച്ചക്ക് എടുക്കാൻ സമയമായി.