India

സുരക്ഷാ വീഴ്ച; പഞ്ചാബ് ഡിജിപിക്ക് സമന്‍സ് അയച്ച് അന്വേഷണ സമിതി

പ്രധാനമന്ത്രിയുടെ പഞ്ചാബ് സന്ദര്‍ശനത്തിനിടെ സുരക്ഷാവീഴ്ചയുണ്ടായ സംഭവത്തില്‍ പഞ്ചാബ് പൊലീസ് മേധാവിക്ക് സമന്‍സ്. കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച അന്വേഷണ സംഘമാണ് സമന്‍സ് അയച്ചത്. അതേസമയം അന്വേഷണം നിര്‍ത്തിവയ്ക്കാന്‍ സുപ്രിംകോടതി നിര്‍ദേശിച്ചു. രേഖകള്‍ സുരക്ഷിതമായി സൂക്ഷിക്കാന്‍ പഞ്ചാബ്, ഹരിയാന ഹൈക്കോടതി രജിസ്ട്രാര്‍മാരോട് കോടതി പറഞ്ഞു. കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.

സുരക്ഷാ ക്രമീകരണത്തില്‍ വീഴ്ച വരുത്തിയതില്‍ പൂര്‍ണ ഉത്തരവാദിത്തം സംസ്ഥാന പൊലീസ് മേധാവിക്കാണെന്ന് ഫിറോസ്പൂര്‍ സിറ്റി കോണ്‍ഗ്രസ് എംഎല്‍എ പര്‍മീന്ദര്‍ സിംഗ് പിങ്കി ആരോപിച്ചു. സംഭവം സര്‍ക്കാരിന് വലിയ നാണക്കേടുണ്ടാക്കിയെന്നും ദേശീയ താല്‍പ്പര്യം കണക്കിലെടുത്ത് സംസ്ഥാന നേതൃത്വം അടിയന്തര തിരുത്തല്‍ നടപടികള്‍ സ്വീകരിക്കേണ്ടതായിരുന്നുവെന്നും എംഎല്‍എ പറഞ്ഞു. ആഭ്യന്തര മന്ത്രി സുഖ്ജീന്ദര്‍ സിംഗ് രണ്‍ധാവയെയും എംഎല്‍എ വിമര്‍ശിച്ചു.

അതിനിടെ അന്വേഷണത്തിന്റെ ഭാഗമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍ നിന്നുള്ള സംഘം പഞ്ചാബിലെ ബതിന്ഡയിലെ മേല്‍പ്പാലം സന്ദര്‍ശിച്ചു. സുരക്ഷാ സെക്രട്ടറി സുധീര്‍ കുമാര്‍ സക്‌സേന, ഇന്റലിജന്‍സ് ബ്യോറോ ജോയിന്റ് ഡയറക്ടര്‍ ബല്‍ബീല്‍ സിംഗ്, എസ്പിജി ഇന്‍സ്‌പെക്ടര്‍ ജനറല്‍ എസ്.സുരേഷ് എന്നിവരാണ് സംഘത്തിലുള്ളത്.

വിഷയത്തില്‍ വിശദമായ അന്വേഷണം നടത്താന്‍ പഞ്ചാബ് സര്‍ക്കാര്‍ പ്രത്യേക സമിതി രൂപീകരിച്ചിട്ടു. വിഷയം പരിശോധിച്ച് മൂന്ന് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണം. ഹരിയാന-പഞ്ചാബ് ഹൈക്കോടതിയില്‍ നിന്ന് വിരമിച്ച ജസ്റ്റിസ് മെഹ്താബ് സിംഗ് ഗില്‍, ജസ്റ്റിസ് അനുരാഗ് വര്‍മ, ആഭ്യന്തര വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നിവരാണ് സമിതിയിലുള്ളവര്‍.

പഞ്ചാബിലെ ഫിറോസ്പൂര്‍ സന്ദര്‍ശന വേളയിലാണ് പ്രധാനമന്ത്രിയുടെ വാഹനവ്യൂഹനത്തിന് വലിയ സുരക്ഷാ വീഴ്ചയുണ്ടായത്. ബുധനാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടുകൂടിയായിരുന്നു ഫിറോസ്പൂരില്‍ റാലി. 12.45ഓടെ പ്രധാനമന്ത്രി ബട്ടിണ്ട വിമാനത്താവളത്തിലെത്തി. ദേശീയ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പചക്രം അര്‍പ്പിക്കലായിരുന്നു നിശ്ചയിച്ചിരുന്ന ആദ്യ പദ്ധതി. എന്നാല്‍ മോശം കാലാവസ്ഥയെ തുടര്‍ന്ന് ഏറെ നേരം കാത്തിരുന്ന ശേഷം യാത്ര റോഡ് മാര്‍ഗമാക്കുകയായിരുന്നു. രക്തസാക്ഷി മണ്ഡപത്തിന് 30 കിലോമീറ്റര്‍ അകലെ വെച്ച് പ്രതിഷേധക്കാര്‍ വാഹനവ്യൂഹത്തിന് മുന്നിലെ വാഹനം തടഞ്ഞു. തുടര്‍ന്ന് പ്രധാമന്ത്രി 20 മിനിറ്റോളം ഓവര്‍ബ്രിഡ്ജില്‍ കുടുങ്ങി. സുരക്ഷാ വീഴ്ചയുണ്ടായതോടെ പരിപാടികള്‍ നിര്‍ത്തലാക്കി ബട്ടിണ്ട വിമാനത്താവളത്തിലേക്ക് തിരിച്ച പ്രധാനമന്ത്രി സംസ്ഥാന സര്‍ക്കാരിനെതിരെ പരിഹാസമുയര്‍ത്തിയാണ് മടങ്ങിയത്