India Pravasi

പ്രവാസികൾക്ക് പോസ്റ്റൽ ബാലറ്റ് സൗകര്യം

പ്രവാസികൾക്ക് പോസ്റ്റൽ ബാലറ്റ് സൗകര്യം ഒരുക്കുന്നതിന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ അനുകൂലം. പ്രവാസി വോട്ട് കേസിലെ ഹർജിക്കാരൻ ഷംസീർ വയലിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടു. കേന്ദ്രനിയമ, വിദേശകാര്യ മന്ത്രാലയങ്ങളുമായി കമ്മീഷൻ ഇതു സംബന്ധിച്ച ചർച്ചകൾ തുടരുകയാണ്. എന്നാൽ കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രവാസി വോട്ട് യാഥാർഥ്യമാകില്ലെന്നാണ് സൂചന.

പ്രവാസികളുടെ ദീർഘകാലമായുള്ള ആവശ്യമാണ് പോസ്റ്റൽ ബാലറ്റ്. വിഷയത്തെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ പൂർണ്ണമായി പിന്തുണക്കുന്നുണ്ട്. വിദേശത്ത് നിന്ന് പ്രവാസികൾക്ക് ഇലക്ട്രോണിക് പോസ്റ്റൽ ബാലറ്റിലൂടെ വോട്ടിങ് സൗകര്യം ഏർപ്പെടുത്തുന്നത് സജീവ പരിഗണനയിലാണെന്ന് കമ്മീഷന് വ്യക്തമാക്കിയതായി ഷംഷീർ വയലിൽ പറഞ്ഞു. കേരളമടക്കമുള്ള സംസ്ഥാനങ്ങളിലേക്ക് നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെയാണ് പ്രവാസി വോട്ട് വിഷയത്തിൽ ഉടന്‍ നടപടി ആവശ്യപ്പെട്ട് ഷംസീർ വയലിൽ കമ്മീഷനെ സമീപിച്ചത്.

ആദ്യഘട്ടത്തിൽ ഗൾഫ് ഇതര രാജ്യങ്ങളിലെ പ്രവാസികൾക്ക് മാത്രം പോസ്റ്റൽ വോട്ട് സൗകര്യം എന്ന തരത്തില്‍ റിപ്പോർട്ടുകള്‍ വന്നിരുന്നു. കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം ആറ് ജി.സി.സി രാജ്യങ്ങളിലായി 88,88,733 നോൺ റസിഡന്റ് ഇന്ത്യക്കാരുണ്ട്. പോസ്റ്റൽ ബാലറ്റ് സൗകര്യം ഏർപ്പെടുത്തിയാൽ ഇവർക്ക് നാട്ടിൽ വരാതെ സമ്മതിദാനാവകാശം വിനിയോഗിക്കാം.