India

കേന്ദ്രം ജനങ്ങള്‍ക്ക് നേരിട്ടുള്ള സാമ്പത്തിക സഹായം നല്‍കണമെന്ന് പ്രതിപക്ഷം

ഉടന്‍ 10,000 രൂപ അക്കൗണ്ടില്‍ നല്‍കുകയും ബാക്കി അഞ്ച് ഗഡുക്കളായി നല്‍കുകയും വേണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടിരിക്കുന്നത്…

കോവിഡ് മൂലമുണ്ടായ പ്രതിസന്ധി മറികടക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ ആദായ നികുതി അടക്കാത്ത എല്ലാ കുടുംബങ്ങള്‍ക്കും 7500 രൂപ വീതം ആറ് മാസം നല്‍കണമെന്ന് പ്രതിപക്ഷം. ഉടന്‍ 10,000 രൂപ അക്കൗണ്ടില്‍ നല്‍കുകയും ബാക്കി അഞ്ച് ഗഡുക്കളായി നല്‍കണമെന്നുമാണ് പ്രതിപക്ഷത്തിന്റെ പ്രസ്താവനയില്‍ പറയുന്നത്. സോണിയാ ഗാന്ധി വിളിച്ച 22 പ്രതിപക്ഷ പാര്‍ട്ടികളുടെ വീഡിയോ കോണ്‍ഫറന്‍സിലാണ് തീരുമാനം.

കോവിഡ് പ്രതിരോധത്തില്‍ കേന്ദ്ര സര്‍ക്കാരിന് പ്രതിപക്ഷം പൂര്‍ണ്ണ പിന്തുണ നല്‍കിയിരുന്നു. എന്നിട്ടും സമയബന്ധിതമായും ഫലപ്രദമായും കോവിഡിനെ പ്രതിരോധിക്കുന്നതില്‍ കേന്ദ്രം പരാജയപ്പെട്ടുവെന്നും സംയുക്ത പ്രസ്താവനയില്‍ പറയുന്നു. ആറ് മാസത്തേക്ക് കുടുംബങ്ങള്‍ക്ക് പത്ത് കിലോ വീതം ഭക്ഷ്യ ധാന്യം വിതരണം ചെയ്യണമെന്നും ആവശ്യമുണ്ട്.

എസ്.പി, ബി.എസ്.പി, ആപ് തുടങ്ങിയ പാര്‍ട്ടികള്‍ ഒഴികെയുള്ള പ്രധാന കക്ഷികള്‍ വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്തു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, എന്‍.സി.പി. അധ്യക്ഷന്‍ ശരത് പവാര്‍, സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി,, സി.പി.ഐ ജനറല്‍ സെക്രട്ടറി ഡി രാജ, ഡി.എം.കെ അധ്യക്ഷന്‍ സ്റ്റാലിന്‍, മുന്‍ പ്രധാനമന്ത്രി എച്ച്.ഡി ദേവഗൗഡ, മുസ്‌ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.