National

‘താജ്മഹലിൻ്റെ പഴക്കം നിർണയിക്കുന്നത് കോടതിയുടെ പണിയല്ല’; ഹർജി തള്ളി സുപ്രിം കോടതി

താജ്മഹലിൻ്റെ പഴക്കം നിർണയിക്കുന്നത് കോടതിയുടെ പണിയല്ലെന്ന് സുപ്രിം കോടതി. ഇക്കാര്യത്തിൽ സമർപ്പിക്കപ്പെട്ട പൊതുതാത്പര്യ ഹർജി തള്ളിക്കൊണ്ടാണ് സുപ്രിം കോടതിയുടെ നിരീക്ഷണം. ഹർജിക്കാരന് ഈ ആവശ്യവുമായി ആര്‍ക്കിയോളജിക്കല്‍ സര്‍വേയെ സമീപിക്കാമെന്നും കോടതി പറഞ്ഞു. സുര്‍ജിത് സിങ് യാദവ് എന്നയാളാണ് ഹർജിയുമായി കോടതിയെ സമീപിച്ചത്.

ചരിത്ര പുസ്തകങ്ങളില്‍നിന്നും പാഠ്യ പുസ്തകങ്ങളില്‍നിന്നും താജ് മഹലിനെക്കുറിച്ചുള്ള തെറ്റായ വിവരങ്ങള്‍ നീക്കണമെന്നായിരുന്നു ഹർജിക്കാരൻ്റെ ആവശ്യം. താജ്മഹലിന്റെ പഴക്കത്തെക്കുറിച്ചു പഠിക്കാന്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേക്ക് നിര്‍ദേശം നല്‍കണം. താജ്മഹല്‍ നിലനിൽക്കുന്ന സ്ഥലത്ത് കൊട്ടാര സദൃശ്യമായ കെട്ടിടം നേരത്തെ ഉണ്ടായിരുന്നതായി തന്റെ ഗവേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ചരിത്രകാരന്‍മാര്‍ ഒരിടത്തും ഇത് പരാമര്‍ശിച്ചില്ലെന്നും ഹർജിക്കാരൻ പറഞ്ഞു.

എന്നാൽ, ചരിത്രം പരിശോധിക്കലല്ല കോടതിയുടെ ജോലി എന്ന് ജസ്റ്റിസുമാരായ എംആര്‍ ഷാ, സിടി രവികുമാര്‍ എന്നിവര്‍ അടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. പൊതുതാത്പര്യ ഹര്‍ജി ഇത്തരം കാര്യങ്ങള്‍ക്കായല്ലെന്നും കോടതി വ്യക്തമാക്കി.