India National

തിഹാര്‍ ജയിലില്‍ കഴിയുന്ന മുന്‍ ധനമന്ത്രി പി ചിദംബരത്തിന് ഇന്ന് എഴുപത്തിനാലാം പിറന്നാള്‍

ഐ.എന്‍.എക്സ് മീഡിയ കേസില്‍ തിഹാര്‍ ജയിലില്‍ കഴിയുന്ന മുന്‍ ധനമന്ത്രി പി ചിദംബരത്തിന് ഇന്ന് എഴുപത്തിനാലാം പിറന്നാള്‍. ജയിലില്‍ നിന്നിറങ്ങാന്‍ പലവഴി പയറ്റിയിട്ടും പരാജയപ്പെട്ടതോടെയാണ് പിറന്നാള്‍ ദിവസവും ചിദംബരത്തിന് ജയിലില്‍ കഴിയേണ്ടി വന്നത്.

1945 സെപ്റ്റംബര്‍ 16നാണ് തമിഴ്നാട്ടിലെ ശിവഗംഗ ജില്ലയില്‍ പളനിയപ്പന്‍ ചിദംബരം ജനിക്കുന്നത്. 2004 മുതല്‍ 2014 വരെ ആഭ്യന്തര-ധനകാര്യ വകുപ്പുകളുടെ ചുമതല വഹിച്ചു. ഐ.എന്‍.എക്സ് മീഡിയ ഇടപാടില്‍ സി.ബി.ഐ രജിസ്റ്റര്‍ ചെയ്ത കേസില്‍ കഴിഞ്ഞ മാസം 21നാണ് നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ പി ചിദംബരത്തെ കസ്റ്റഡിയിലെടുത്തത്. വിചാരണക്കോടതി ഈ മാസം19 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടതോടെ എഴുപത്തിനാലാം പിറന്നാള്‍ ദിനമായ ഇന്നും ചിദംബരത്തിന് തിഹാര്‍ ജയിലില്‍ ചെലവഴിക്കേണ്ടിവന്നിരിക്കുകയാണ്. ജയില്‍ വാസം ഒഴിവാക്കാന്‍ പല തവണ കോടതിയെ സമീപിച്ച് കിണഞ്ഞ് ശ്രമിച്ചെങ്കിലും നടന്നില്ല. ആദ്യം സിബിഐ കസ്റ്റഡി ചോദ്യം ചെയ്ത് സുപ്രീംകോടതിയില്‍ ഹരജി സമര്‍പ്പിച്ചും ജുഡീഷ്യല്‍ കസ്റ്റഡിയെ പരമാവധി എതിര്‍ത്തും നടത്തിയ ശ്രമങ്ങളൊന്നും ഫലം കണ്ടില്ല. ഒടുവില്‍ ഡല്‍ഹി ഹൈകോടതിയില്‍ നല്‍കിയ ജാമ്യാപേക്ഷ അടുത്ത ഇരുപത്തിമൂന്നിന് വാദം കേള്‍‍ക്കാനായി മാറ്റിവെക്കുകയും ചെയ്തു. ഇതേ ഇടപാടില്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ കേസ് കൂടിയുള്ളതിനാല്‍ കസ്റ്റഡി എത്ര നീണ്ടുപോകും എന്നത് ഇപ്പോഴും കണക്കാക്കാനുമാവില്ല. ഈ കേസില്‍ ചിദംബരം നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയും കീഴടങ്ങാമെന്ന് കാണിച്ചുള്ള മറ്റൊരു അപേക്ഷയും കോടതികള്‍ തള്ളിയിരുന്നു. 2007ല്‍ ധനമന്ത്രിയായിരിക്കെ ഐ.എന്‍.എക്സ് മീഡിയ ഗ്രൂപ്പിന് പരിധിക്കപ്പുറം വിദേശ നിക്ഷേപം സ്വീകരിക്കാന്‍ അനുമതി നല്‍കിയെന്നാരോപിച്ചാണ് ചിദംബരത്തിനെതിരെ കേസുകളുള്ളത്.