National

രാഹുൽ ​ഗാന്ധിക്ക് എതിരെയുള്ള അപകീർത്തി കേസ്; ഇടക്കാല സ്റ്റേ അനുവദിക്കാതെ ഗുജറാത്ത് ഹൈക്കോടതി

അപകീർത്തി കേസിലെ രാഹുൽ ​ഗാന്ധിക്ക് എതിരായ വിധി സസ്പെൻഡ് ചെയ്യാതെ ഗുജറാത്ത് ഹൈക്കോടതി. കേസിൽ ഇടക്കാല സ്റ്റേ ആവശ്യപ്പെട്ടു രാഹുൽ ഗാന്ധി സമർപ്പിച്ച ഹർജിയിൽ വാദം കേട്ട ഗുജറാത്ത് ഹൈക്കോടതി വേനലവധിക്കുശേഷം വിധി പറയാമെന്ന് വ്യക്തമാക്കി. കേസിൽ ഇടക്കാല ആശ്വാസം അനുവദിക്കാൻ ആകില്ലെന്ന് ഗുജറാത്ത് ഹൈക്കോടതി വ്യക്തമാക്കി. കേസ് വേനലവധിക്ക് ശേഷമേ ഇനി പരിഗണിക്കൂ. രാഹുൽ ഗാന്ധിയുടെ ഹർജി പരിഗണച്ചത് ജസ്റ്റിസ് ഹേമന്ത് പ്രച്‍ച്ഛക് അധ്യക്ഷനായ സിംഗിൾ ബെഞ്ചാണ്. കേസിൽ ഇടക്കാല സ്റ്റേ നിഷേധിച്ചതോടെ ലോക്സഭയിൽ രാഹുൽ ഗാന്ധിക്കുള്ള അയോഗ്യത തുടരും.

വേനലവധി പ്രമാണിച്ചു മെയ് അഞ്ചിനു അടക്കുന്ന കോടതി ജൂൺ അഞ്ചിനാണ് തുറക്കുക. രാഹുൽ ഗാന്ധിക്കായി കോടതിയിൽ ഹാജരായത് മനു അഭിഷേക് സിങ്‍വിയാണ്. അപകീർത്തി കേസി ഇടക്കാല വിധി വേണമെന്ന് മനു അഭിഷേക് സിങ്‍വി വാദിച്ചെങ്കിലും കോടതി ഇത് നിരസിക്കുകയായിരുന്നു. കേസിൻ്റെ നടപടിക്രമങ്ങളുടെ രേഖകളുടെ യഥാർത്ഥ പകർപ്പ് ഹാജരാക്കണമെന്ന് ഗുജറാത്ത് ഹൈക്കോടതി വിചാരണാ കോടതിയോട് നിർദേശിച്ചു. അപകീർത്തിക്കേസിലെ തനിക്കെതിരായ വിധി സ്റ്റേ ചെയ്യണമെന്ന രാഹുൽ ​ഗാന്ധിയുടെ അപ്പീൽ സൂറത്ത് സെഷൻസ് കോടതിയും തള്ളിയിരുന്നു.

കർണാടകത്തിലെ കോലാറിൽ 2019ൽ നടത്തിയ പ്രസംഗമാണ് രാഹുൽ ഗാന്ധിക്ക് വിനയായത്. “നീരവ് മോദിയോ, ലളിത് മോദിയോ, നരേന്ദ്ര മോദിയോ ആകട്ടെ, എന്താണ് എല്ലാ കള്ളന്മാരുടെയും പേരിൽ മോദിയുള്ളത്?. ഇനിയും തെരഞ്ഞാൽ കൂടുതൽ മോദിമാർ പുറത്തുവരും”- എന്നായിരുന്നു രാഹുലിൻ്റെ പ്രസംഗം.