National

നിറം മങ്ങി ജെഡിഎസ്; ഓൾഡ് മൈസൂരുവിൽ കോൺഗ്രസ് പടയോട്ടം

കര്‍ണാടകയിലെ ഓള്‍ഡ് മൈസുരുവില്‍ കോണ്‍ഗ്രസ് പടയോട്ടം. 40 സീറ്റുകളിലാണ് കോണ്‍ഗ്രസ് മുന്നേറ്റം. ജെഡിഎസിന്റെ സ്വന്തം തട്ടകത്തില്‍ വലിയ നേട്ടമാണ് കോണ്‍ഗ്രസ് നേടിയത്. 10.30 ലെ ലീഡ് നില അനുസരിച്ച് കോണ്‍ഗ്രസ് 118 സീറ്റുകളില്‍ മുന്നിട്ട് നില്‍ക്കുകയാണ്. 76 ഇടങ്ങളിലാണ് ബിജെപി ലീഡ് ചെയ്യുന്നത്. ജെഡിഎസ് 25 സീറ്റുകളിലാണ് മുന്നേറുന്നത്. സംസ്ഥാനത്തെ നഗരമേഖലകളിലും അഞ്ച് പ്രധാന മേഖലകളിലും കോണ്‍ഗ്രസ് ആധിപത്യം നേടി.

കോണ്‍ഗ്രസ് ഇതിനകം ഡല്‍ഹി ആസ്ഥാനത്തും കര്‍ണാടകയിലും അടക്കം ആഘോഷങ്ങള്‍ക്ക് തുടക്കമിട്ടു. എന്നാൽ ബിജെപി കേന്ദ്രം ഏറെ നിരയാശയിലാണ്. ആഘോഷങ്ങളില്ലാതെ നിശബദ്ധമായി ഫലം ശ്രദ്ധിക്കുന്ന പാർട്ടി പ്രവർത്തകരെയാണ് ഇവിടെ കാണാനാകുന്നത്. ജെഡിഎസ് നിർണ്ണായകമാകുമെന്ന സുചനകളും ലഭിക്കുന്നുണ്ട്. ആര് ഭരിക്കണമെന്ന് തീരുമാനിക്കുന്നത് തങ്ങളാകുമെന്ന ഉറപ്പിലാണ് ജെഡിഎസ്. ആരെ പിന്തുണയ്ക്കണമെന്ന് തീരുമാനിച്ചിട്ടുണ്ടെന്നും അത് സമയമാകുമ്പോൾ പുറത്തുവിടുമെന്നുമാണ് ജെഡിഎസ് വ്യക്തമാക്കുന്നത്.

ഇതിനിടെ കർണാടകയിൽ വൻ മുന്നേറ്റമുണ്ടാക്കിയതിന് പിന്നാലെ ബിജെപിയുടെ കുതിരക്കച്ചവടം തടയാനായി ഹെലികോപ്റ്റർ ബുക്ക് ചെയ്ത് കോൺ​ഗ്രസ്. തങ്ങളുടെ എം.എൽ.എമാരെ എത്രയും വേ​ഗം ബം​ഗളൂരുവിലെത്തിക്കാനാണ് നീക്കം. ഓപ്പറേഷൻ താമര എന്ന പേരിലുള്ള ബിജെപിയുടെ കുതിരക്കച്ചവടം ഇത്തവണയെങ്കിലും ഫലപ്രദമായി തടയുകയാണ് കോൺ​ഗ്രസിന്റെ പ്രധാന ലക്ഷ്യം. ഭരണം നിർണയിക്കുന്നത് 44 സീറ്റുകളാണ്. അതിൽ തന്നെയാണ് കോൺ​ഗ്രസ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതും. കോൺ​ഗ്രസ് നിയമസഭാ കക്ഷി യോ​ഗം നാളെ ചേരും.