National

അസമിലെ വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി; ദുരിതത്തിലായത് മൂന്ന് ലക്ഷത്തോളം പേര്‍

മൂന്ന് ലക്ഷത്തോളം പേരാണ് വെള്ളപ്പൊക്കത്തെത്തുട൪ന്ന് ദുരിതത്തിലായിരിക്കുന്നത്

അസമിലെ വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി. മൂന്ന് ലക്ഷത്തോളം പേരാണ് വെള്ളപ്പൊക്കത്തെത്തുട൪ന്ന് ദുരിതത്തിലായിരിക്കുന്നത്.

രണ്ട് പേ൪ കൂടി മരിച്ചതോടെ വെള്ളപ്പൊക്കത്തിൽ ജീവൻ പൊലിഞ്ഞവരുടെ എണ്ണം മൂന്നായി. മൂന്ന് പേരും ലോവ൪ അസമിലെ ഗോൾപാറ ജില്ലക്കാരാണ്. അസം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ കണക്കനുസരിച്ച് ഏതാണ്ട് രണ്ടരലക്ഷത്തി തൊണ്ണൂറ്റിനാലായിരം ഒരുനൂറ്റി എഴുപത് പേരാണ് വെള്ളപ്പൊക്കത്തിൽ ദുരിതത്തിലായിരിക്കുന്നത്. ഒമ്പത് ജില്ലകളിലായി മൂന്നൂറ് ഗ്രാമങ്ങൾ വെള്ളത്തിനടിയിലായി.

ദേമാജി, നൗഗാവ്, ഹൊജായ്, ദാരംഗ്, നൽബരി, ഗോൾപാറ, ദിബ്രുഗഢ്, തിൻസുകിയ, എന്നീ ജില്ലകളിലാണ് വെള്ളപ്പൊക്കമുണ്ടായത്. ബ്രഹ്മപുത്ര, കോപിലി നദികൾ രണ്ടിടത്ത് കര കവിഞ്ഞൊഴുകി. ഭവനങ്ങളും റോഡുകളും പാലങ്ങളും വെള്ളത്തിനടിയിലായി. ഏതാണ്ട് ഇരുനൂറിലധികം ദുരിതാശ്വാസ ക്യാമ്പുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. മുപ്പതിനായിരത്തിന് മുകളിൽ ആളുകളാണ് ക്യാമ്പുകളിൽ കഴിയുന്നത്. അന്തരീക്ഷം ഭേദപ്പെട്ടതിനാൽ പലയിടത്തും അവശ്യ വസ്തുക്കളുടെ വിതരണം എളുപ്പമായെന്ന് മുഖ്യമന്ത്രി അറിയിച്ചു.