India National

മാന്ത്രികവിദ്യക്കിടെ നദിയില്‍ കാണാതായ മജീഷ്യന്‍ ചഞ്ചല്‍ ലാഹിരിക്കായി തെരച്ചില്‍ ഊര്‍ജ്ജിതമാക്കി

മാന്ത്രികവിദ്യക്കിടെ നദിയില്‍ കാണാതായ മജീഷ്യന്‍ ചഞ്ചല്‍ ലാഹിരിക്കായി തെരച്ചില്‍ ഊര്‍ജ്ജിതമാക്കി. ഹൗഡിനി വിദ്യ എന്നറിയപ്പെടുന്ന രക്ഷപ്പെടല്‍ മാജിക് കാണിക്കുന്നതിനിടെയാണ് യുവ മാന്ത്രികനെ ഹൂബ്ലി നദിയില്‍ കാണാതായത്.സോനാർപുർ സ്വദേശിയായ മജീഷ്യൻ ചഞ്ചൽ ലാഹിരിയാണ് മുങ്ങിപ്പോയത്.

കൊല്‍ക്കത്തയിലെ ഹൂബ്ലി നദിയില്‍ ഞായറാഴ്ച ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു സംഭവം. മാന്ത്രികനെ കൈകാലുകള്‍ കെട്ടി ബന്ധനസ്ഥനാക്കി വെള്ളത്തിലാഴ്ത്തുന്നതും നിമിഷങ്ങള്‍ക്കുള്ളില്‍ പൂട്ടെല്ലാം പൊട്ടിച്ച് രക്ഷപ്പെടുന്നതുമാണ് മാജിക്.

ചഞ്ചല്‍ ലാഹിരിയെ ബോട്ടില്‍ നദീമധ്യത്തിലെത്തിച്ച ശേഷം കൈകാലുകള്‍ ചങ്ങല ഉപയോഗിച്ച് പൂട്ടി. തുടര്‍ന്ന് ഹൗറ പാലത്തില്‍ നിന്ന് ക്രയിന്‍ ഉപയോഗിച്ചാണ് നദിയിലേക്ക് ഇറക്കിയത്. 10 മിനിറ്റിന് ശേഷവും മജീഷ്യന്‍ ഉയര്‍ന്ന് വരാത്തതോടെ ആളുകള്‍ പരിഭ്രാന്തരായി. പൊലീസില്‍ വിവരമറിയിച്ചതോടെ ദുരന്ത നിവാരണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ തെരച്ചില്‍ ആരംഭിച്ചു.

ലാഹിരിയുടേതിന് സാമ്യമുള്ള മൃതദേഹം ഹൗറയിലെ രാമകൃഷ്ണപൂർ ഘട്ടിന് അടുത്ത് കണ്ടെത്തിയിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ കുടുംബം ദേഹം തിരിയിച്ചറിയേണ്ടതുണ്ടെന്നു ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.