India

കല്ലേറില്‍ തകര്‍ന്ന കെ.എസ്.ആര്‍.ടി.സി ബസുകളുമായി വിലാപയാത്ര

കല്ലേറില്‍ തകര്‍ന്ന കെ.എസ്.ആര്‍.ടി.സി ബസുകളുമായി തിരുവനന്തപുരത്ത് വിലാപയാത്ര. യുവതികളുടെ ശബരിമല ദര്‍ശനത്തിന് പിന്നാലെ വ്യാപക ആക്രമണമാണ് കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്ക് നേരെയുണ്ടായത്. 3.35 കോടി രൂപയുടെ നഷ്ടം രണ്ട് ദിവസം കൊണ്ടുണ്ടായി.

പ്രതിഷേധങ്ങളുടെ പേരില്‍ കെ.എസ്.ആർ.ടി.സി ബസുകള്‍ ആക്രമിക്കുന്ന പ്രവണതയിൽ പ്രതിഷേധിച്ച് കല്ലേറില്‍ തകര്‍ന്ന ബസ്സുകളുമായി തിരുവനന്തപുരം ചീഫ് ഓഫീസിൽ നിന്ന് പാളയം രക്തസാക്ഷി മണ്ഡപം വരെയാണ് പ്രതീകാത്മക റാലി നടത്തിയത്. തിരുവനന്തപുരം സിറ്റി ഡിപോയിലെയും സമീപ ഡിപോകളിലേയും ബസുകളാണ് വിലാപയാത്രയില്‍ പങ്കെടുത്തത്.

ഹര്‍ത്താലിനിടെ കെ.എസ്.ആര്‍.ടി.സിക്കെതിരെ ആക്രമണം അഴിച്ചുവിട്ടവരില്‍ നിന്ന് തന്നെ നഷ്ടപരിഹാരം ഈടാക്കാന്‍ നടപടി ആരംഭിച്ചെന്ന് എം.ഡി ടോമിന്‍ ജെ തച്ചങ്കരി പറഞ്ഞു. കെ.എസ്.ആര്‍.ടി.സി മുതിര്‍ന്ന ഉദ്യോഗസ്ഥരും ജീവനക്കാരും പ്രതിഷേധത്തില്‍ പങ്കെടുത്തു.