India Kerala

പ്രതിമാസ ക്ഷേമ പെന്‍ഷന്‍ ഇനി 1200 രൂപ; വയോജന ക്ഷേമ പദ്ധതിക്കായി മാറ്റിവെച്ചത് 375 കോടി

ക്ഷേമ പെന്‍ഷന്‍ 100 രൂപ വര്‍ധിപ്പിച്ചതും സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പ്രഖ്യാപിച്ചതുമുള്‍പ്പെടെ ജനക്ഷേമ പദ്ധതികളും ബജറ്റില്‍ ഇടംപിടിച്ചു. വയോജന ക്ഷേമ പദ്ധതിക്കായി മാറ്റിവെച്ചത് 375 കോടി രൂപയാണ്. വിദ്യാഭ്യാസ മേഖലക്കും ബജറ്റില്‍ പ്രാധാന്യം നല്‍കിയിട്ടുണ്ട്.

പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് ആസന്നമായ വേളയില്‍ അവതരിപ്പിച്ച ബജറ്റില്‍ പ്രതീക്ഷിച്ചപോലെ ക്ഷേമ പെന്‍ഷന്‍ വര്‍ധന പ്രഖ്യാപിച്ചു. 100 രൂപ വര്‍ധിപ്പിച്ചതോടെ പ്രതിമാസ ക്ഷേമ പെന്‍ഷന്‍ 1200 രൂപയായി. സംസ്ഥാനത്തെ എല്ലാ കുടുംബങ്ങളെയും ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിക്ക് കീഴില്‍ കൊണ്ടുവരുന്നതാണ് സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി. പദ്ധതി പ്രകാരം ഒരു ലക്ഷം രൂപ വരെയുള്ള തുക ഇന്‍ഷുറന്‍സ് കമ്പനിയും 5ലക്ഷം രൂപ വരെ തുക സര്‍ക്കാര്‍ നേരിട്ട് നല്‍കും. 42 ലക്ഷം കുടുംബങ്ങളുടെ പ്രീമിയം സര്‍ക്കാര്‍ അടക്കും. 20 ലക്ഷം പേര്‍ക്ക് സ്വന്തമായ പ്രീമിയം അടച്ച് പദ്ധതിയില്‍ ചേരാം. സര്‍ക്കാര്‍ ജീവനക്കാരും ഇ.എസ്.ഐ ആനുകൂല്യം ലഭിക്കുന്നവര്‍ കൂടിയായാല്‍ സംസ്ഥാന എല്ലാപേരും ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും

ഇതുകൂടാതെ 1406 കോടി രൂപയുടെ അടങ്കല്‍ തുക നല്‍കി ആരോഗ്യമേഖലയെ നല്ല രീതിയില്‍ ബജറ്റ് പരിഗണിച്ചു. 375 കോടി രൂപ അനുവദിച്ച പ്രഖ്യാപിച്ച വയോജന സംരക്ഷണ പദ്ധതിയാണ് മറ്റൊരു ശ്രദ്ധേയമായ ക്ഷേമ പദ്ധതി. പകല്‍ വീടുകള്‍, പാലിയേറ്റീവ് നെറ്റ്‍വര്‍‍ക്ക് എന്നിവ പദ്ധതിയുടെ ഭാഗമാകും. 20,000 വയോജന അയല്‍ക്കൂട്ടം രൂപീകരിക്കും. ഓരോ അയല്‍ക്കൂട്ടത്തിനും 5000 രൂപ ഗ്രാന്‍ഡും ലഭിക്കും. പൊതുവിദ്യാഭ്യാസത്തിന് 992 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയത്. ഉന്നതവിദ്യാഭ്യാസത്തിന് 695 കോടി, സാങ്കേതിക വിദ്യാഭ്യാസത്തിന് 249 കോടി എന്നിവയാണ് വിദ്യാഭ്യാസ രംഗത്തിനുള്ള ബജറ്റ് വിഹിതം. ഭിന്നശേഷിക്കാര്‍, ട്രാന്‍സ് ജെന്‍ഡര്‍ എന്നിവര്‍ക്കുള്ള പദ്ധതികളും ബജറ്റില്‍ ഇടംപിടിച്ചു.