Auto

കേരളം ഇലക്ട്രിക് വാഹനങ്ങളിലേക്ക്: കേരള ബഡ്ജറ്റ്

കെ.എസ്.ആർ. ടി സി യുടെ പുനരുദ്ധാരണത്തിനായി 1000 കോടി പ്രഖ്യാപനമാണ് ബജറ്റിലുളളത്. 7 വർഷം കൊണ്ട് തെക്ക്- വടക്ക് റെയിൽപാത പൂർത്തിയാക്കുമെന്നും ധനമന്ത്രി പറഞ്ഞു. ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം പത്തുലക്ഷമാക്കുമെന്നും സ്വകാര്യ ഇലക്ട്രിക് വാഹനങ്ങൾക്ക് നികുതി ഇളവ് നല്‍കുമെന്നും ബജറ്റില്‍ പ്രഖ്യാപനമുണ്ട്.

ഗതാഗത മേഖലയിൽ സമഗ്ര വികസന പദ്ധതികൾക്കാണ് ബജറ്റ് ലക്ഷ്യം വെക്കുന്നത്. ഇതിന്റെ ഭാഗമായി വരുന്ന രണ്ടുവർഷത്തിനിടെ 6000 കിലോമീറ്റർ റോഡ് നിർമാണത്തിനാണ് ലക്ഷ്യമിടുന്നത്. പൊതുഗതാഗതത്തിന്റെ മുഖഛായ മാറ്റാന്‍ ഡിസൈനഡ് റോഡുകള്‍ നിര്‍മ്മിക്കാനും ബജറ്റില്‍ പ്രഖ്യാപനമുണ്ട്. ഇന്ത്യന്‍ റോഡ് കോണ്‍ഗ്രസിന്റെ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചായിരിക്കും റോഡുകള്‍ നിര്‍മ്മിക്കുക.

പൊതുമരാമത്തു വുകപ്പിന് 1367 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. 2022 ആകുമ്പോഴേക്കും ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം പത്തുലക്ഷമാക്കാന്‍ നടപടി സ്വീകരിക്കും. ഇതിന്റെ ഭാഗമായി തിരുവനന്തപുരം കോര്‍പ്പറേഷനില്‍ കെ.എസ്.ആര്‍.ടി.സിയുടെ മുഴുവന്‍ സര്‍വ്വീസുകളും ഇലക്ട്രിക് ബസ്സുകളിലേക്ക് മാറ്റും. 585 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ബേക്കല്‍ കോവളം ജലപാത ഒരു വര്‍ഷം കൊണ്ട് പൂര്‍ത്തികരിക്കും.

2020ല്‍ തെക്കു വടക്ക് സമാന്തര റെയില്‍പാതയുടെ നിര്‍മ്മാണം ആരംഭിക്കും. 515 കിലോമീറ്ററായിരിക്കും പുതിയ പാതയുടെ ദൈര്‍ഘ്യം. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത സംരംഭമായ കേരള റെയില്‍ ഡെവലപ്പ്മെന്റ് കോര്‍പറേഷനാണ് പദ്ധതി നടപ്പാക്കുന്നത്. 55000 കോടി രൂപയാണ് മൊത്തം ചെലവ് പ്രതീക്ഷിക്കുന്നത്. ഇതോടൊപ്പം വയനാട്ടുകാരുടെ ദീര്‍ഘകാല ഗതാഗതപ്രശ്നത്തിന് പരിഹാരം കണാനും ബജറ്റിലൂടെ ലക്ഷ്യമിടുന്നുണ്ട്. വയനാട് ബന്ദിപ്പൂര്‍ എലവേറ്റഡ‍് ഹൈവേയ്ക്ക് 450-500 കോടി രൂപ ചെലവു വരുന്നതില്‍ പകുതിച്ചെലവ് സംസ്ഥാന സര്‍ക്കാര്‍ വഹിക്കും.