Kerala

വഖഫ് നിയമനങ്ങള്‍ പിഎസ്‌സിക്ക് വിട്ട തീരുമാനം; മുസ്ലീം സംഘടനകളുമായി മുഖ്യമന്ത്രി വിളിച്ച യോഗം ഇന്ന്

വഖഫ് നിയമനങ്ങള്‍ പിഎസ്‌സിക്ക് വിട്ടതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിളിച്ച മുസ്ലീം സംഘടനകളുടെ യോഗം ഇന്ന് ചേരും. വൈകുന്നേരം തിരുവനന്തപുരത്താണ് യോഗം. 22 മുസ്ലീം സംഘടനാ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുക്കും. വഖഫ് ബോര്‍ഡിലെ നിയമനങ്ങള്‍ പിഎസ്സിക്ക് വിട്ട തീരുമാനം പിന്‍വലിക്കണമെന്നാണ് സമസ്ത അടക്കമുള്ള സംഘടനകളുടെ നിലപാട്.

സംസ്ഥാന വഖഫ് ബോഡിലെ നിയമനങ്ങള്‍ പിഎസ്‌സിക്ക് വിടാനുള്ള ബില്‍ നിയമസഭ ശബ്ദവോട്ടോടെ പാസാക്കിയത് കഴിഞ്ഞ വര്‍ഷം നവംബര്‍ 9 നാണ്. പിന്നാലെ മുസ്ലിംസംഘടനകള്‍ വന്‍ പ്രതിഷേധവുമായി രംഗത്തെത്തി. മുസ്ലിം ലീഗായിരുന്നു സമരങ്ങളുടെ മുന്നില്‍. സമസ്തയുടെ ഇരുവിഭാഗത്തെയും മുഖ്യമന്ത്രി ചര്‍ച്ചക്ക് വിളിച്ചതും സമരരീതികളെ ചൊല്ലി സമസ്ത ഇകെ വിഭാഗവും മുസ്ലിംലീഗും തമ്മിലുണ്ടായ അഭിപ്രായഭിന്നതയും വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്കിടയാക്കി.

എല്ലാ വിഭാഗങ്ങളെയും വിശ്വാസത്തിലെടുത്തേ അന്തിമ തീരുമാനം ഉണ്ടാകൂ എന്ന മുഖ്യമന്ത്രിയുടെ ഉറപ്പോടെ രംഗം ശാന്തമാകുകയായിരുന്നു. അതിനിടെയാണ് നിയമനങ്ങള്‍ പിഎസ്‌സിക്ക് വിട്ട തീരുമാനവുമായി മുന്നോട്ട് പോകുമെന്ന് വഖഫ് മന്ത്രി വി അബ്ദുറഹ്മാന്റെ നിയമസഭയിലെ പ്രതികരണം. തുടര്‍ന്ന് വീണ്ടും പ്രതിഷേധം ഉയര്‍ന്നപ്പോഴാണ് മുഖ്യമന്ത്രി മുസ്ലീം സംഘടനാനേതാക്കളുടെ യോഗം വിളിച്ചത്.

വഖഫ് ബോര്‍ഡിന്റെ നിര്‍ദേശപ്രകാരമാണ് നിയമനങ്ങള്‍ പിഎസ്‌സിക്ക് വിടാന്‍ തീരുമാനിച്ചതെന്നാണ് സര്‍ക്കാര്‍ വാദം. ഇത് ഇന്ന് ചേരാനിരിക്കുന്ന യോഗത്തിലും ആവര്‍ത്തിക്കും. സംഘടനകളെ വിശ്വാസത്തിലെടുക്കാനും ശ്രമമുണ്ടാകും. ചര്‍ച്ചയ്ക്ക് ശേഷം മുഖ്യമന്ത്രിയുടെ ഇഫ്താര്‍ വിരുന്നും നടക്കും.