India Kerala

എസ്.ആര്‍ മെഡിക്കല്‍ കോളജ് മെഡിക്കല്‍ കൌണ്‍സിലിന്‍റെ അനുമതി നേടിയത് വ്യാജരേഖ ചമച്ച്

വര്‍ക്കല എസ്.ആര്‍ മെഡിക്കല്‍ കോളജ് മെഡിക്കല്‍ കൌണ്‍സിലിന്‍റെ അനുമതി നേടിയത് വ്യാജരേഖ ചമച്ച്. ചെറുന്നിയൂര്‍ പഞ്ചായത്തിന്‍റെ അനുമതി വാങ്ങാതെ നിര്‍മ്മിച്ച കെട്ടിടത്തിന്‍റെ പ്ലാനില്‍ പ‍ഞ്ചായത്ത് സെക്രട്ടറിയുടെ ഒപ്പും സീലും വ്യാജമായി രേഖപ്പെടുത്തി. പഞ്ചായത്തിന്‍റെ പരാതിയില്‍ പൊലീസ് കേസെടുത്തു. രേഖകളുടെ പകർപ്പ് മീഡിയവണിന് ലഭിച്ചു.

2015 മാർച്ചിലാണ് മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ അനുമതി തേടാനായി എസ്.ആർ മെഡിക്കൽ കോളജ് അപേക്ഷ സമർപ്പിച്ചത്. അപേക്ഷയ്ക്കൊപ്പം സമർപ്പിച്ച് കെട്ടിട നിർമ്മാണ അനുമതി പത്രത്തില്‍ ചെറുന്നിയൂർ പഞ്ചായത്ത് സെക്രട്ടറിയുടെ ഒപ്പും പഞ്ചായത്തിലെ സീലും പതിച്ചിട്ടുണ്ട്. എന്നാൽ ഈ കെട്ടിടത്തിന് ചെറുന്നിയൂർ പഞ്ചായത്ത് അംഗീകാരം നൽകിയിട്ടില്ല. ഈ സ്ഥലത്ത് ആദ്യം നിർമിച്ച 4000 സ്ക്വയർ ഫീറ്റ് വരുന്ന കെട്ടിടത്തിന് മാത്രമാണ് പഞ്ചായത്ത് അനുമതി നൽകിയത്. നിർമാണപ്രവർത്തനം തടഞ്ഞുകൊണ്ടുള്ള പഞ്ചായത്തിന്‍റെ നടപടിക്കെതിരെ മെഡിക്കൽ കോളജ് സമർപ്പിച്ച ഹർജി ഹൈക്കോടതി മുമ്പിലുണ്ട്. പഞ്ചായത്തിൻറെ അനുമതിയില്ലാതെ അനുമതി ഉണ്ടെന്ന് കാണിച്ച് സമർപ്പിച്ച രേഖകൾ വ്യാജമാണെന്ന് വ്യക്തം.

പഞ്ചായത്തിൻറെ പേരിൽ വ്യാജ രേഖകൾ ചമച്ചു എന്ന പരാതി വന്നതിന്‍റെ അടിസ്ഥാനത്തിൽ ചെറുന്നിയൂർ പഞ്ചായത്ത് വർക്കല പൊലീസിൽ പരാതി നൽകുകയും കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. കോളജ് സമർപ്പിച്ച രേഖകളിൽ അകത്തുമുറി പഞ്ചായത്ത് എന്നും രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഇത്തരമൊരു പഞ്ചായത്ത് തന്നെ തിരുവനന്തപുരം ജില്ലയിലില്ല. അകത്തുമുറി എന്ന് പഞ്ചായത്തിൻറെ പേര് രേഖപ്പെടുത്തുകയും ചെറുന്നിയൂർ പഞ്ചായത്തിന്റെ വ്യാജ സീലും സെക്രട്ടറിയുടെ ഒപ്പും ഉൾപ്പെടുത്തുകയുമാണ് ചെയ്തിരിക്കുന്നത്. അംഗീകാരമില്ലാത്ത കെട്ടിടത്തിൽ പ്രവർത്തിക്കുന്നു എന്നത് മാത്രമല്ല വ്യാജരേഖ ചമച്ച് മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചു എന്ന ഗുരുതര കുറ്റവും ഇതോടെ എസ്.ആർ മെഡിക്കൽ കോളജ് അധികൃതരുടെ പേരിൽ വന്നിരിക്കുകയാണ്.