Kerala

വടക്കാഞ്ചേരി ലൈഫ് ക്രമക്കേട്; ഐ ഫോണുകള്‍ പിടിച്ചെടുക്കും

വടക്കാഞ്ചേരി ലൈഫ് ക്രമക്കേടിലെ കോഴ ഇടപാടിന് തെളിവായ ഐ ഫോണുകള്‍ പിടിച്ചെടുക്കാന്‍ വിജിലന്‍സ് തീരുമാനം. ബാക്കിയുള്ള ഫോണുകള്‍ കൈമാറാന്‍ നിര്‍ദ്ദേശിച്ച് അന്വേഷണസംഘം ഉടന്‍ നോട്ടീസ് നല്‍കും. ഇതിനിടെ സ്വര്‍ണ്ണക്കടത്ത് കേസ് പ്രതികളായ സ്വപ്ന സുരേഷിനെയും, സന്ദീപ് നായരെയും എന്‍ഫോഴ്സ്മെന്‍റ് ജയിലിലെത്തി ചോദ്യം ചെയ്തു.

വടക്കാഞ്ചേരി ലൈഫ് ക്രമക്കേടില്‍ യുണിടാക് ഉടമ സന്തോഷ് ഈപ്പന്‍ കോഴയായി കൈമാറിയ ഐ ഫോണുകള്‍ എല്ലാം കണ്ടെത്താനാണ് വിജിലന്‍സ് തീരുമാനം. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറിന് ഐ ഫോണ്‍ ലഭിച്ചെന്ന് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് വിജിലന്‍സ് നീക്കം. നറുക്കെടുപ്പിലൂടെ ഐ ഫോണ്‍ ലഭിച്ച കാട്ടാക്കട സ്വദേശി പ്രവീണ്‍ വിജിലന്‍സ് നിര്‍ദ്ദേശപ്രകാരം ഫോണ്‍ കൈമാറിയിരുന്നു.

അഡീഷണല്‍ പ്രോട്ടോക്കോള്‍ ഓഫീസര്‍ രാജീവന് ലഭിച്ച ഐ ഫോണ്‍ പൊതുഭരണ വകുപ്പ് ഇന്ന് വിജിലന്‍സിന് കൈമാറിയിട്ടുണ്ട്. സന്തോഷ് ഈപ്പനെ കൂടാതെ ഫോണ്‍ ലഭിച്ചെന്ന് കരുതുന്ന എയര്‍ അറേബ്യ മാനേജര്‍ പത്മനാഭ ശര്‍മ്മ, ശിവശങ്കര്‍, കോണ്‍സുലേറ്റ് ജനറല്‍, ജിത്തു എന്നിവര്‍ക്ക് വിജിലന്‍സ് നോട്ടീസ് നല്‍കും. ഐ ഫോണ്‍ ഹാജരാക്കാനായിരിക്കും നോട്ടീസിലെ നിര്‍ദ്ദേശം. വിജിലന്‍സ് സംഘം നാളെ സന്ദീപ് നായരെ ചോദ്യം ചെയ്യും.

സ്വപ്ന സുരേഷിനെയും സന്ദീപിനെയും എന്‍ഫോഴ്സ്മെന്‍റ് ചോദ്യം ചെയ്തു. തിരുവനന്തപുരത്തുള്ള രണ്ട് പേരെയും ജയിലുകളില്‍ വെച്ചാണ് ചോദ്യം ചെയ്തത്. ചോദ്യം ചെയ്യാന്‍ കഴിഞ്ഞ ദിവസം കോടതി അനുമതി നല്‍കിയിരുന്നു. സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളില്‍ എം.ശിവശങ്കര്‍ നല്‍കിയ മൊഴിയില്‍ കൂടുതല്‍ വ്യക്തതക്ക് വേണ്ടിയാണ് ചോദ്യം ചെയ്തത്.