India Kerala

സാമ്പത്തിക സംവരണം: സി.പി.എം നിലപാട് തള്ളി വി.എസ്

മുന്നാക്ക സംവരണത്തെ സ്വാഗതം ചെയ്ത സി.പി.എമ്മിന്‍റേയും സംസ്ഥാന സര്‍ക്കാരിന്‍റേയും നിലപാട് തള്ളി വി.എസ് അച്യുതാനന്ദന്‍. സാമൂഹ്യ അനീതിക്കെതിരെ അവശ്യമായ ജനാധിപത്യ അവകാശമാണ് സംവരണമെന്നും രാജ്യവ്യാപകമായി ചർച്ച ചെയ്ത ശേഷമേ‌ അത് നടപ്പാക്കാവൂ എന്നും വി.എസ് പ്രസ്താവനയില്‍ പറഞ്ഞു. സവര്‍ണ വോട്ടുകള്‍ പരമാവധി സ്വരൂപിക്കുക എന്ന ലക്ഷ്യവുമായിട്ടാണ് ബി.ജെ.പി സംവരണം പ്രഖ്യാപിച്ചതെന്നും വി.എസ് കുറ്റപ്പെടുത്തി.

മുന്നാക്കക്കാര്‍ക്ക് 10 ശതമാനം സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സ്വാഗതം ചെയ്തിരുന്നു. എന്നാല്‍ പാര്‍ട്ടിയുടേയും സര്‍ക്കാരിന്‍റെയും നിലപാട് തള്ളിയാണ് മുതിര്‍ന്ന നേതാവായ വി.എസ് രംഗത്തുവന്നിരിക്കുന്നത്. ഹീനമായ കുലത്തൊഴിലുകളും തൊട്ടുകൂടായ്മയും മൂലം അടിച്ചമർത്തപ്പെട്ടവർക്ക് വിദ്യാഭ്യാസവും തൊഴിലും അപ്രാപ്യമാവുന്ന സാമൂഹ്യ അനീതിക്കെതിരെ അവശ്യമായ ഒരു ജനാധിപത്യ അവകാശമാണ് സംവരണം. അതുകൊണ്ട് സാമൂഹ്യനീതി നേടിയെടുക്കാനുള്ള ഉയർന്ന ലക്ഷ്യത്തെ, വ്യാപകവും സമഗ്രവുമായി ആശയരൂപീകരണം നടത്തിക്കൊണ്ടാണ് നേടിയെടുക്കേണ്ടത്. എന്നാല്‍ ഇത് ചെയ്യാതെ സവര്‍ണ വോട്ടുകള്‍ പരമാവധി സ്വരൂപിക്കുക എന്ന ഏക ലക്ഷ്യവുമായിട്ടാണ് ബി.ജെ.പി സാമ്പത്തിക സംവരണം പ്രഖ്യാപിച്ചിരിക്കുന്നതെന്ന് വി.എസ് കുറ്റപ്പെടുത്തി.

സംവരണം എന്നത് ഒരു സാമ്പത്തിക പദ്ധതിയല്ല. അതുകൊണ്ടാണ് ജനാധിപത്യത്തിന്‍റെ സത്തയുമായി യോജിച്ചുപോവാത്ത സാമ്പത്തിക സംവരണത്തെ സി.പി.എം പിന്തുണക്കാതിരുന്നത്. വാജ്പേയ് സര്‍ക്കാരിന്‍റെ കാലത്ത് ഇതുപോലൊരു ക്യാബിനറ്റ് തീരുമാനമുണ്ടായപ്പോൾ സി.പി.എം അതിന്‍റെ പൊള്ളത്തരം തുറന്നുകാട്ടിയിട്ടുണ്ടെന്നും വി.എസ് ഓര്‍മ്മപ്പെടുത്തുന്നുണ്ട്. സംവരണം പോലുള്ള കാര്യങ്ങളെ കേവലം വോട്ട് ബാങ്ക് രാഷ്ട്രീയമാക്കി തരം താഴ്ത്താനുള്ള ബി.ജെ.പിയുടെ നീക്കം തുറന്നു കാട്ടപ്പെടണമെന്ന് പറഞ്ഞാണ് വി.എസിന്‍റെ പ്രസ്താവന അവസാനിക്കുന്നത്. അതേസമയം ദേവസ്വം ബോര്‍ഡില്‍ സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തിയ സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തെയും അനുകൂലിക്കുന്നില്ലെന്ന് വി.എസിന്‍റെ പ്രസ്താവനയെ വ്യാഖ്യാനിക്കാന്‍ കഴിയും.