Kerala

ആവർത്തിച്ചു പറയുന്നത് എങ്ങനെയാണ് നാക്കു പിഴ ആകുന്നത്; ഭരണഘടനയെ അവഹേളിക്കുന്ന പരാമർശം രാജ്യവിരുദ്ധം: വി മുരളീധരൻ

മന്ത്രി സജി ചെറിയന്റെ ഭരണഘടനയെ അവഹേളിക്കുന്ന പരാമർശം രാജ്യവിരുദ്ധമെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ. സജി ചെറിയാന്റെ വിശദീകരണം, പരാമർശത്തെ സാധൂകരിക്കുന്നത്. ഭരണഘടനയെ കുറിച്ച് ഒരു ചുക്കും അറിയാത്ത ആളാണെന്ന് മന്ത്രി ഒരിക്കൽ കൂടി പറയുകയാണ്. ഭരണഘടനയോടുള്ള കൂറില്ലായമയാണ് മന്ത്രി പ്രകടിപ്പിച്ചത്. ബ്രിട്ടീഷുകാർ പറഞ്ഞത് എഴുതിയത് മാത്രമായി കാണുന്ന മന്ത്രിയുടേത് വിവരക്കേട് മാത്രമല്ലെന്ന് അദ്ദേഹം വിമർശിച്ചു.

സിപിഐ എം നേതൃത്വം സംഭവത്തെ ലഘുകരിക്കാൻ ശ്രമിക്കുന്നത് അംഗീകരിക്കാൻ ആകില്ല. ആവർത്തിച്ചു പറയുന്നത് എങ്ങനെയാണ് നാക്കു പിഴ ആകുന്നത്. ഇങ്ങനെ ഒരാളെ മന്ത്രിസഭയിൽ വച്ചുകൊണ്ടിരിക്കാൻ രാജ്യത്ത് നിയമം അനുവദിക്കുന്നില്ല. മുഖ്യമന്ത്രി മൗനഅനുവാദം നൽകിയാൽ, മുഖ്യമന്ത്രി യും ഭരണഘടന അവഹേളിക്കാൻ കൂട്ടു നിൽക്കുകയാണ്. സജി ചെറിയാന്റെ രാജി മുഖ്യമന്ത്രി എഴുതി വാങ്ങണം. ഖേദ പ്രകടനമാണ്, മാപ്പ് പറയാൻ പോലും മന്ത്രി തയ്യാറായിട്ടില്ലെന്ന് വി മുരളീധരൻ പറഞ്ഞു.

അതേസമയം വിവാദ പ്രസ്താവനയിൽ വിശദീകരണവുമായി മന്ത്രി സജി ചെറിയാൻ രംഗത്തുവന്നു . തൻ്റെ പ്രസംഗം വളച്ചൊടിച്ചതാണെന്ന് നിയമസഭയിൽ പറഞ്ഞു. പ്രസംഗം തെറ്റിദ്ധരിച്ചതിൽ ദുഃഖവും ഖേദവും രേഖപ്പെടുത്തുന്നു. ഭരണഘടന വിവിധ വെല്ലുവിളികൾ നേരിടുന്ന കാലമാണിത്. തന്റേതായ ശൈലിയിൽ അവതരിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. ഭരണഘടനാമൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന വ്യക്തിയാണ് താനെന്നും മന്ത്രി നിയമസഭയെ അറിയിച്ചു.

ജനങ്ങളെ കൊളളയടിക്കാൻ പറ്റിയതാണ് ഇന്ത്യൻ ഭരണഘടനയെന്നതായിരുന്നു മന്ത്രി സജി ചെറിയാന്റെ പ്രസ്താവന. തൊഴിലാളികളെ ചൂഷണം ചെയ്യാൻ ഭരണഘടന സഹായിക്കുന്നു. തൊഴിലാളികൾക്ക് ഭരണഘടന സംരക്ഷണം നൽകുന്നില്ലെന്നും സജി ചെറിയാൻ പറഞ്ഞു. മല്ലപ്പള്ളിയിലെ ഒരു സിപിഐഎം പരിപാടിയിലായിരുന്നു മന്ത്രിയുടെ വിവാദ പരാമർശങ്ങൾ.

‘ഇന്ത്യയിലെ ജനങ്ങളെ കൊള്ളയടിക്കാൻ പറ്റിയ മനോഹരമായ ഭരണഘടനയാണ് ഇവിടെയുള്ളത്. ബ്രിട്ടീഷുകാർ പറഞ്ഞുകൊടുത്ത ഒരു ഭരണഘടന ഇന്ത്യക്കാർ എഴുതിയെടുക്കുന്നു. ജനങ്ങളെ ചൂഷണം ചെയ്യാൻ ഭരണഘടന സഹായിക്കുന്നു’. മന്ത്രിയുടെ വാക്കുകൾ ഇങ്ങനെ. കോടതികളേയും നീതിന്യായ വ്യവസ്ഥയേയും പ്രസംഗത്തിൽ മന്ത്രി രൂക്ഷമായി വിമർശിക്കുന്നുണ്ട്.