Kerala

മുല്ലപ്പെരിയാര്‍ ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും

മുല്ലപ്പെരിയാര്‍ അണക്കെട്ട് സംബന്ധിച്ച ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. മേല്‍നോട്ട സമിതിക്ക് കൂടുതല്‍ അധികാരം നല്‍കുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ തുടരുകയാണെന്ന് കേരളവും തമിഴ്‌നാടും അറിയിച്ചതിനെ തുടര്‍ന്നാണ് കോടതി ഹര്‍ജി പരിഗണിക്കുന്നത് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. സംയുക്ത യോഗം ചേര്‍ന്ന് ശിപാര്‍ശകള്‍ സമര്‍പ്പിക്കാന്‍ ജസ്റ്റിസ് എ.എം.ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് കൂടുതല്‍ സമയം അനുവദിക്കുകയായിരുന്നു.

മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതി കേരളവും തമിഴ്‌നാടുമായും ഉള്ള സമവായം പരിഗണിക്കണമെന്ന് മാര്‍ച്ച് 23ന് കേസ് പരിഗണിക്കവെ സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. അണക്കെട്ടിന്റെ സുരക്ഷ പ്രക്രിയ ശാക്തീകരിക്കേണ്ടത് കേരളത്തിന്റെയും തമിഴ്‌നാടിന്റെയും ആവശ്യമാണെന്നും കോടതി കൂട്ടിച്ചേര്‍ത്തു. അണക്കെട്ടിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട പൊതുതാല്‍പര്യ ഹര്‍ജികളില്‍ അന്തിമവാദം തുടങ്ങിയപ്പോഴാണ് സുപ്രീംകോടതി നിലപാടറിയിച്ചത്.

അതേസമയം, മുല്ലപ്പെരിയാര്‍ അണക്കെട്ട് തകര്‍ന്നാല്‍ മഹാദുരന്തമുണ്ടാകുമെന്നും മേല്‍നോട്ട സമിതി പുനഃസംഘടിപ്പിക്കണമെന്നും പുതിയ അണക്കെട്ട് പണിയണമെന്നും കേരളം വാദിച്ചു. മേല്‍നോട്ട സമിതി തീരുമാനങ്ങളില്‍ കേരളവുമായുള്ള സമവായം പരിഗണിക്കണമെന്ന് കേരള സര്‍ക്കാരിനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ജയദീപ് ഗുപ്ത ആവശ്യപ്പെട്ടപ്പോള്‍ കേരളവും തമിഴ്‌നാടുമായും ഉള്ള സമവായം എന്ന് തിരുത്തണമെന്ന് ജസ്റ്റിസ് ഖന്‍വില്‍കര്‍ അധ്യക്ഷനായ ബെഞ്ച് (അണക്കെട്ടിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട) നിര്‍ദേശിച്ചു. ജലനിരപ്പുമായി ബന്ധപ്പെട്ട സാങ്കേതിക വിഷയങ്ങള്‍ വിദഗ്ധ സമിതിക്ക് വിടണം. സുപ്രീംകോടതി നിജപ്പെടുത്തിയ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ 142 അടി ജലനിരപ്പ് പുനഃപരിശോധിക്കേണ്ട സാഹചര്യമെന്താണ് എന്ന് ആരാഞ്ഞ ബെഞ്ച്, 2014ലെ വിധി കേരളത്തെ വായിച്ചുകേള്‍പ്പിച്ചു. 2014ലെ വിധിയുടെ സാഹചര്യം 2017ഓടെ മാറിയെന്ന് അഡ്വ.ജയ്ദീപ് ഗുപ്ത മറുപടി നല്‍കി.

മേഖലയിലെ കാലാവസ്ഥാ വ്യതിയാനവും മഴ പെയ്യുന്നതിലെ മാറ്റങ്ങളും മാറിയ സാഹചര്യമാണ്. അവസാനമായി അണക്കെട്ടിന്റെ സുരക്ഷ വിലയിരുത്തിയത് 2011-12ലാണ്. 10 വര്‍ഷത്തിലൊരിക്കല്‍ സുരക്ഷ പരിശോധിക്കേണ്ടതിനാല്‍ 2022ല്‍ പരിശോധന അനിവാര്യമാണ്. കേരളം നിര്‍ദേശിച്ച ജലനിരപ്പ് അംഗീകരിച്ചാലും തമിഴ്‌നാടിന്റെ ജല ആവശ്യം നിറവേറും. അവരുടെ ആവശ്യത്തിലും അണക്കെട്ടിന്റെ സുരക്ഷയിലും വിട്ടുവീഴ്ച ചെയ്യാത്ത നടപടിയാണ് കേരളം തേടുന്നത്. 140 അടിയാണ് നിലനിര്‍ത്തേണ്ട ശരിയായ ജലനിരപ്പ്. 142 പരമാവധി പോകാവുന്ന അളവാണ്.

മേല്‍നോട്ട സമിതി പുനഃസംഘടിപ്പിച്ച് കേരള- തമിഴ്‌നാട് സംസ്ഥാനങ്ങളുടെ ഓരോ സാങ്കേതിക അംഗങ്ങളെ അതിലുള്‍പ്പെടുത്തണമെന്ന് കേരളം ആവശ്യപ്പെട്ടു. തേനി, ഇടുക്കി ജില്ല കലക്ടര്‍മാരെ ഉള്‍പ്പെടുത്തണം. സുരക്ഷയാണ് പ്രധാന വിഷയം. പുതിയ അണക്കെട്ട് ആവശ്യമാണ് എങ്കിലും തമിഴ്‌നാട് എതിര്‍ക്കുകയാണ്. അണക്കെട്ട് ബലപ്പെടുത്താനുള്ള നടപടികള്‍ക്കാണ് തമിഴ്‌നാട് ഊന്നല്‍ നല്‍കുന്നത്. അതുവഴി ജലനിരപ്പ് ഉയര്‍ത്താനാണ് ശ്രമം. ഷട്ടറുകള്‍ തുറക്കുന്നതിനുള്ള സമയക്രമം നിര്‍ണയിക്കണം. റൂള്‍ കര്‍വ് തീരുമാനിച്ചാല്‍ മാത്രമേ അത് നിശ്ചയിക്കാനാകൂ. അര്‍ധരാത്രി പെട്ടെന്ന് തുറന്നത് വലിയ പ്രശ്‌നമുണ്ടാക്കി. കോടതി കേള്‍ക്കേണ്ട അഞ്ച് പരിഗണന വിഷയങ്ങളും കേരളം സമര്‍പ്പിച്ചിരുന്നു.