Health Kerala

ഐ.സി.എം.ആര്‍ സംഘം കേരളത്തിൽ പരിശോധന തുടങ്ങി; ലക്ഷ്യം കോവിഡ് സമൂഹവ്യാപനം കണ്ടെത്തല്‍

സംസ്ഥാനത്ത് കോവിഡ് സമൂഹ വ്യാപനത്തില്‍ എത്തിയിട്ടുണ്ടോയെന്ന് പരിശോധിക്കുന്നതിനായി സിറോ സർവെ ആരംഭിച്ചു.

സംസ്ഥാനത്ത് കോവിഡ് സമൂഹ വ്യാപനത്തില്‍ എത്തിയിട്ടുണ്ടോയെന്ന് പരിശോധിക്കുന്നതിനായി സിറോസർവെ ആരംഭിച്ചു. ഐ.സി.എം.ആര്‍ സംഘം പാലക്കാട് ജില്ലയിലാണ് ആദ്യം പരിശോധനക്ക് എത്തിയത്. കേരളത്തിൽ നിന്ന് 1200 പേരുടെ സാമ്പിളുകൾ ശേഖരിക്കാനാണ് തീരുമാനം.

സംസ്ഥാന ആരോഗ്യവകുപ്പുമായി ചേർന്നാണ് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് ടീം സാമ്പിളുകള്‍ ശേഖരിക്കുന്നത്. ആദ്യഘട്ടത്തിൽ പാലക്കാട്, തൃശ്ശൂർ, എറണാകുളം എന്നീ ജില്ലകളിൽ നിന്ന് 1200 പേരുടെ സാമ്പിളുകളെടുക്കും. ഇതിന്റെ ഭാഗമായി 10 കേന്ദ്രങ്ങളിൽ നിന്ന് 400 പേരെ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കും. നിലവിൽ ലക്ഷണമില്ലാത്തവരിലും രോഗബാധിതരുമായി നേരിട്ട് സമ്പര്‍ക്കമില്ലാത്തവരിലുമാണ് പരിശോധന നടത്തുക. പാലക്കാട് ജില്ലയിലെ രോഗികളുടെ വിവരങ്ങൾ ഡി.എം.ഒയിൽ നിന്നും സംഘം ശേഖരിച്ചു. പരിശോധനക്കായി 20 അംഗ മെഡിക്കൽ സംഘം കേരളത്തിൽ പ്രവർത്തിക്കും.

ഇന്ത്യയിലാകെ 69 ജില്ലകളിളാണ് ഐ.സി.എം.ആർ സംഘം സർവേ നടത്തുന്നത്. തുടർന്ന് ഡൽഹിയിലെ ഐ.സി.എം.ആർ ആസ്ഥാനത്ത് വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പരിശോധനാഫലങ്ങൾ ക്രോഡീകരിച്ച് നിഗമനത്തിലെത്തിച്ചേരും. തൃശൂർ, എറണാകുളം ജില്ലകളിലും സംഘം പരിശോധനക്കെത്തും.