Kerala

കൊവിഡ് മൂന്നാം തരംഗം നേരിടുന്നതിന് ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേർന്നു

കൊവിഡ് മൂന്നാംതരംഗം നേരിടുന്നതിൻ്റെ ഭാഗമായി സംസ്ഥാനത്തെ മെഡിക്കൽ കോളജുകളുടെയും പ്രധാന ആശുപത്രികളുടെയും യോഗം ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തിൽ ചേർന്നു. ദ്വിതീയ തലത്തിൽ മികച്ച തീവ്ര പരിചരണം ഉറപ്പാക്കാൻ നടപടി കൈക്കൊണ്ടു. ദ്വിതീയ തലത്തിലെ ഐസിയുകൾ മെഡിക്കൽ കോളേജുകളുമായി ഓൺലൈനായി ബന്ധിപ്പിക്കും. ആശുപത്രികളിൽ ഓക്‌സിജൻ കിടക്കകളും ഐസിയുവും വെൻ്റിലേറ്ററുകളും പരമാവധി വർധിപ്പിക്കും. (covid 3rd wave meeting)

ആശുപത്രികൾക്കാവശ്യമായ മരുന്നുകളുടേയും മറ്റ് സുരക്ഷാ ഉപകരണങ്ങളുടേയും കരുതൽ ശേഖരം ഉറപ്പ് വരുത്താൻ മന്ത്രി നിർദ്ദേശം നൽകി. പീഡിയാട്രിക് സംവിധാനങ്ങൾ പൂർണതോതിൽ പ്രവർത്തന സജ്ജമാക്കണം. കേന്ദ്ര സംസ്ഥാന സർക്കാരിന്റെ സഹകരണത്തോടെ ജില്ലകളിൽ ഓക്‌സിജൻ ജനറേഷൻ യൂണിറ്റുകൾ സജ്ജമാക്കുന്നുണ്ട്.

ആഗസ്റ്റ് മാസത്തിൽ 33 എണ്ണത്തിന്റെ നിർമ്മാണം പൂർത്തിയാക്കും. ജീവനക്കാരുടെ കുറവ് പരിഹരിക്കാൻ അടിയന്തര ഇടപെടൽ നടത്തും. വകുപ്പ് മേധാവികൾ ഒഴിവുകൾ പിഎസ്‌സിയ്ക്ക് റിപ്പോർട്ട് ചെയ്‌തെന്ന് ഉറപ്പ് വരുത്തണം. അനധികൃത ലീവെടുത്തവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആരോഗ്യമന്ത്രി നിർദേശം നൽകി.

പതിനൊന്നാം തിയതി തിരുവനന്തപുരം കളക്ടറുമായും ഉദ്യോഗസ്ഥരുമായും ജില്ലയിലെ സാഹചര്യം ചർച്ച ചെയ്യും. തുടർന്ന് വിദഗ്ധ സമിതി അംഗങ്ങളെ കാണും. കേന്ദ്ര സംഘത്തിലെ ഒരു ടീം ഉച്ചയോടെ കാസർഗോഡ് ജില്ലയിലും സന്ദർശനം നടത്തും.

ടിപിആർ ഉയർന്ന് നിൽക്കുന്ന ജില്ലകൾ സന്ദർശിച്ച് ആവശ്യമായ നിർദേശം നൽകിയ ശേഷമാണ് സംഘം തലസ്ഥാനത്തെത്തിയിരിക്കുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12ന് മുകളിൽ തുടരുന്ന സാഹചര്യത്തിൽ രോഗവ്യാപനം കുറയ്ക്കുന്നത് സംബന്ധിച്ച് ആരോഗ്യവകുപ്പിന് നിർദേശം നൽകും.

സംസ്ഥാനത്ത് ഇന്ന് 13,984 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 118 മരണങ്ങളും റിപ്പോർട്ട് ചെയ്തു. 10.93 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,27,903 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 80 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 13,221 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 604 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 79 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 15,923 പേർ രോഗമുക്തി നേടി.