Kerala

മാധ്യമപ്രവർത്തകൻ എസ്.വി പ്രദീപിന്‍റെ അപകട മരണം: കൊലക്കുറ്റം ചുമത്തി പോലീസ് കേസെടുത്തു

മാധ്യമ പ്രവർത്തകൻ എസ്.വി പ്രദീപിന്റെ അപകടമരണത്തിനിടയാക്കിയ വാഹനം കണ്ടെത്താനാകാതെ പോലീസ്. സിസിടിവി ദൃശ്യങ്ങളിലൂടെ ടിപ്പറാണെന്ന് തിരിച്ചറിഞ്ഞെങ്കിലും വാഹനത്തെപ്പറ്റി കൂടുതൽ വിവരങ്ങൾ വ്യക്തമായിട്ടില്ല. പ്രദീപിന്റെ അമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ സംഭവത്തിൽ കൊലക്കുറ്റം ചുമത്തി പോലീസ് കേസെടുത്തു.

കരമന-കളിയിക്കവിള ദേശീയപാതയിൽ ഇന്നലെ ഉച്ചയോടെയാണ് മാധ്യമ പ്രവർത്തകൻ എസ്.വി പ്രദീപിന്റെ മരണത്തിനിടയാക്കിയ അപകടം നടന്നത്. അപകട സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് അപകടത്തിന് പിന്നിൽ ടിപ്പറ് വിഭാഗത്തിൽപ്പെട്ട വാഹനമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. എന്നാൽ അപകടത്തിനിടയാക്കിയ വാഹനം കണ്ടെത്താൻ ഇതുവരേയും പോലീസിനായിട്ടില്ല. മാധ്യമ പ്രവർത്തകൻ കെ.എം ബഷീർ കേസിന് സമാനമായി പോലീസിന്‍റെ സിസിടിവി ക്യാമറകൾ പലതും പ്രവർത്തനരഹിതമായതും അന്വേഷണതിന് തിരിച്ചടിയായി.

അപകടമുണ്ടാക്കിയ ശേഷം വാഹനം കടന്നുപോകാൻ സാധ്യതയുള്ള സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണെന്നും വാഹനം കണ്ടെത്താനുള്ള അന്വേഷണം ഊർജിതമാക്കിയതായും ഫോർട്ട് അസിസ്റ്റൻറ് കമ്മീഷണർ ആർ പ്രതാപൻ നായർ പറഞ്ഞു. സംഭവത്തിൽ പ്രദീപിന്‍റെ അമ്മ വസന്തകുമാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കൊലക്കുറ്റം ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. അപകടം നടന്ന സ്ഥലത്തും, പ്രദീപ് സഞ്ചരിച്ചിരുന്ന വാഹനത്തിലും ഫോറൻസിക് സംഘം പരിശോധന നടത്തി.