India Kerala

സാധാരണക്കാര്‍ക്ക് ഓണകിറ്റില്ല; എം.എല്‍.എമാര്‍ക്ക് സ്‌പെഷല്‍ ഓണകിറ്റ്

സാമ്പത്തികഭാരം ചൂണ്ടിക്കാട്ടി സാധാരണക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കും ഓണകിറ്റ് നിഷേധിച്ച സപ്‌ളൈക്കോയുടെ വക എല്ലാ എം.എല്‍.എമാര്‍ക്കും സ്‌പെഷ്യല്‍ ഓണകിറ്റ്. ഇക്കാര്യത്തില്‍ മാത്രം സാമ്പത്തിക ബാധ്യത ഒരു പ്രശ്‌നമേയല്ല. നല്ല നിലവാരമുളള സാധനങ്ങള്‍ എം.എല്‍ എ മാര്‍ക്ക് നേരിട്ട് എത്തിച്ചു നല്‍കാനാണ് നിര്‍ദ്ദേശം.

വര്‍ഷങ്ങളായി പതിവുളള പാവപ്പെട്ടവര്‍ക്കുളള ഓണക്കിറ്റ് സാമ്പത്തിക ബാധ്യതയുടെ പേരില്‍ ഒഴിവാക്കിയ സപ്ലൈക്കോയാണ് സംസ്ഥാനത്തെ എല്ലാ എം.എല്‍.എമാര്‍ക്കുമായി 2000 രൂപയുടെ കിറ്റ് വിതരണം ചെയ്യുന്നത്. കിറ്റില്‍ ഉന്നത ഗുണനിലവാരമുളള സാധനങ്ങള്‍ നല്‍കണമെന്ന പ്രത്യേകം നിര്‍ദ്ദേശിക്കുന്നു. ഇവ എം.എല്‍.എമാരുടെ വീടുകളിലോ ഓഫീസുകളിലോ നേരിട്ട് എത്തിച്ച് നല്‍കണമെന്നാണ് ഉത്തരവ്. സാധാരണക്കാര്‍ ആശ്രയിക്കുന്ന സപ്ലൈക്കോ സ്‌റ്റോറുകളില്‍ ഓണത്തിന് വിതരണത്തിനെത്തിച്ച സാധനങ്ങള്‍ക്ക് ഗുണനിലവാരമില്ലെന്ന ആക്ഷേപം ഉയരുന്ന സാഹചര്യത്തില്‍ തന്നെയാണ് എം.എല്‍.എമാര്‍ക്ക് ഗുണനിലാവാരം ഉളളവ നല്‍കണമെന്ന നിര്‍ദ്ദേശമെന്നത് ശ്രദ്ധേയമാണ്. ഇക്കഴിഞ്ഞ 28ന് പര്‍ച്ചേയ്‌സ് ഓര്‍ഡര്‍ നല്‍കിയ വന്‍പയര്‍, മുളക് എന്നിവയുടെ ഗുണനിലവാരം തീര്‍ത്തും മോശമാണെന്ന് ചൂണ്ടിക്കാട്ടി ചില ഡിപ്പോകള്‍ മടക്കുകയും ചെയ്തു. എന്നാല്‍ ഭൂരിപക്ഷം ഡിപ്പോകളിലും ഇതേ സാധനങ്ങളാണ് ഇപ്പോഴും വിതരണം തുടരുന്നതും. ഓണത്തിരക്കില്‍ സാധനങ്ങള്‍ വിറ്റഴിച്ച് തടിയൂരാനാണ് ഉദ്യോഗസ്ഥരുടെ ശ്രമം.