Kerala

സ്മാർട്ട് സിറ്റി പദ്ധതിയിലും സ്വപ്ന സുരേഷ് ഇടപെട്ടുവെന്ന് ശിവശങ്കര്‍

സ്മാർട്ട് സിറ്റി പദ്ധതിയിലും സ്വപ്ന സുരേഷ് ഇടപെട്ടുവെന്ന് ശിവശങ്കര്‍. ഇഴഞ്ഞു നീങ്ങിയ സ്മാര്‍ട്ട് സിറ്റി പദ്ധതി വേഗത്തിലാക്കാന്‍ സ്വപ്ന സുരേഷ് ഇടപെട്ടുവെന്നാണ് ശിവശങ്കര്‍ എന്‍ഫോഴ്സ്മെന്‍റിന് നല്‍കിയ മൊഴി. സ്വപ്ന ഇടപ്പെട്ടതിനാലാണ് 2016ല്‍ ‍സ്മാര്‍ട്ട് സിറ്റി ഉടമകളായ ദുബൈ ഹോള്‍ഡിംഗ്സുമായി ചര്‍ച്ച സാധ്യമായതെന്നും ശിവശങ്കര്‍ പറയുന്നു. ഒരാഴ്ചത്തെ കസ്റ്റഡിയില്‍ വിട്ട ശിവശങ്കറിനെ എന്‍ഫോഴ്സ്മെന്‍റ് ചോദ്യം ചെയ്യുകയാണ്.

സ്വപ്നയുമായി നടത്തിയ വാട്സ്ആപ്പ് ചാറ്റുകളെക്കുറിച്ച് ശിവശങ്കര്‍ ഇതുവരെ കൃത്യമായ മറുപടി നല്‍കിയിട്ടില്ല. ശിവശങ്കരനെതിരെ മൊഴി നല്‍കിയ ചാര്‍ട്ടേര്‍ഡ് അക്കൌണ്ടന്‍റ് വേണുഗോപാലിനെയും ഇഡി വിളിപ്പിച്ചേക്കും.

2018 മുതല്‍ സ്വപ്നയുടെ പണമിടപാടുകളെ കുറിച്ച് നേരിട്ട് അറിവുണ്ടായിരുന്നയാളാണ് ശിവശങ്കറെന്നാണ് എന്‍ഫോഴ്സ്മെന്‍റ് കണ്ടെത്തല്‍. 2019 ഏപ്രിലില്‍ നയതന്ത്ര ബാഗേജിലൂടെ സ്വർണ്ണം കടത്താനുളള പരീക്ഷണം നടത്തിയപ്പോഴും ശിവശങ്കരന് സ്വപ്നയെ സഹായിച്ചു. സ്വർണക്കടത്തിന് പിന്നിലെ ശിവശങ്കറിന്‍റെ പങ്ക് വ്യക്തമാക്കുന്നതാണ് ഈ ഇടപെടലെന്നാണ് ഇഡി പറയുന്നത്. ഇതില്‍ നിന്നെല്ലാം ശിവശങ്കരന്‍ സാമ്പത്തിക നേട്ടം ഉണ്ടാക്കിയിട്ടുണ്ടോ എന്നും കേന്ദ്ര ഏജന്‍സി പരിശോധിക്കുന്നുണ്ട്. സ്വപ്നയുടെ ഇടപാടുകളെല്ലാം ശിവശങ്കറിന് അറിയാമായിരുന്നുവെന്ന് ‍ചാര്‍ട്ടേര്‍ഡ് അക്കൌണ്ടന്‍റ് വേണുഗോപാല്‍ മൊഴി നല്‍കിയിട്ടുണ്ട്.

ശിവശങ്കരന്‍‌ മൊഴികള്‍ നിഷേധിക്കുന്ന സാഹചര്യത്തില്‍ ചോദ്യം ചെയ്യല്‍ നടക്കുന്ന കൊച്ചി ഓഫീസിലേക്ക് വേണുഗോപാലിനെ വീണ്ടും വിളിച്ച് വരുത്തിയേക്കും. സ്വപ്ന, ബിനാമിയാണോ എന്നതടക്കമുള്ള കാര്യമാണ് പരിശോധിക്കുന്നത്.