India Kerala

ഗവര്‍ണര്‍ക്ക് മാനസിക വിഭ്രാന്തി, തെറിവിളിച്ച് പാഞ്ഞടുത്തപ്പോഴും എസ്എഫ്‌ഐ സംയമനം പാലിച്ചു: പി എം ആര്‍ഷോ

കൊല്ലത്തെ എസ്എഫ്‌ഐ പ്രതിഷേധത്തിനെതിരെ ഗവര്‍ണര്‍ പറഞ്ഞ വാദങ്ങളെ തള്ളി എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോ. ഗവര്‍ണറുടെ മാനസിക വിഭ്രാന്തിയാണ് കൊല്ലത്ത് കണ്ടതെന്നും ചാന്‍സലര്‍ക്കെതിരെ എസ്എഫ്‌ഐ ജനാധിപത്യപരമായാണ് സമരം ചെയ്തതെന്നും ആര്‍ഷോ മാധ്യമങ്ങളോട് പറഞ്ഞു. ജനാധിപത്യ സമരത്തെ അവഹേളിക്കുകയാണ് ഗവര്‍ണര്‍ ചെയ്തത്. കേരളത്തിലെ സര്‍വകലാശാലകളിലേക്ക് സംഘപരിവാറുകാരെ തിരുകിക്കയറ്റുന്നതിന്റെ റിക്രൂട്ടിംഗ് ഏജന്റാകാന്‍ ചാന്‍സലര്‍ ശ്രമിച്ചപ്പോഴാണ് തങ്ങള്‍ പ്രതിഷേധിച്ചതെന്ന് ആര്‍ഷോ പറയുന്നു.

ഗവര്‍ണര്‍ തെറിവിളിച്ചുകൊണ്ട് പ്രവര്‍ത്തകര്‍ക്കുനേരെ പാഞ്ഞടുത്തപ്പോഴും എസ്എഫ്‌ഐക്കാര്‍ സംയമനം പാലിച്ചെന്നും ആര്‍ഷോ പറഞ്ഞു. സമാധാനപരമായി സമരം ചെയ്യാന്‍ ഓരോ പൗരനും അവകാശമുണ്ടെന്ന് ആര്‍ഷോ ഓര്‍മിപ്പിച്ചു. അവകാശങ്ങളൊക്കെ സമരങ്ങളിലൂടെ നേടിയെടുത്തത് തന്നെയാണ്. എസ്എഫ്‌ഐ പ്രവര്‍ത്തകരെ പരമാവധി പ്രകോപിപ്പിച്ച് എങ്ങനെയെങ്കിലും അക്രമസംഭവങ്ങള്‍ അരങ്ങേറുന്ന സ്ഥിതിയുണ്ടാക്കുക എന്നതായിരുന്നു ഗവര്‍ണറുടെ ഉദ്ദേശം.

ഇത്തരം പൊറാട്ട് നാടകങ്ങളെ കേരളത്തിലെ പൊതുസമൂഹം തള്ളിക്കളയണമെന്നും പി എം ആര്‍ഷോ ആവശ്യപ്പെട്ടു.കൊല്ലത്തുവച്ച് ഗവര്‍ണറെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചതിന് പിന്നാലെയാണ് നാടകീയമായ സംഭവവികാസങ്ങള്‍ അരങ്ങേറിയത്. പ്രതിഷേധത്തിനിടെ കാറില്‍ നിന്നിറങ്ങിയ ഗവര്‍ണര്‍, എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കു നേരേ ക്ഷുഭിതനായി പാഞ്ഞടുത്തു. പൊലീസിനെ രൂക്ഷമായി ശകാരിക്കുകയും ചെയ്തു. വാഹനത്തില്‍ തിരിച്ചുകയറാന്‍ കൂട്ടാക്കാതെ ഗവര്‍ണര്‍ റോഡിനു സമീപത്തെ ചായക്കടയുടെ മുന്നില്‍ കസേരിയിട്ടിരുന്ന് പ്രതിഷേധിച്ചു.