India Kerala

ജോസ് കെ. മാണിക്ക് തിരിച്ചടി; ചെയര്‍മാന്‍ സ്ഥാനത്ത് തുടരാനാകില്ല

കോട്ടയത്ത് ചേർന്ന സംസ്ഥാന കമ്മിറ്റി കേരളാ കോണ്‍ഗ്രസ് എം. ചെയർമാനായി ജോസ് കെ. മാണിയെ തെരഞ്ഞെടുത്ത നടപടി സ്റ്റേ ചെയ്ത ഇടുക്കി കോടതിയുടെ വിധി കട്ടപ്പന സബ് കോടതി ശരിവച്ചു. സ്റ്റേ നീക്കണമെന്ന് ആവശ്യപ്പട്ട് ജോസ് കെ. മാണി വിഭാഗം സമർപ്പിച്ച അപ്പീല്‍ കട്ടപ്പന സബ് കോടതി തള്ളി.

യഥാര്‍ഥ കേരള കോണ്‍ഗ്രസ് ആരെന്ന കാര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനാണ് തീരുമാനിക്കേണ്ടത് ജോസ് കെ. മാണി പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നില്‍ എല്ലാ വസ്തുതകളുമുണ്ട്. വിധിപകര്‍പ്പ് കിട്ടിയ ശേഷം കൂടുതല്‍ പ്രതികരിക്കാമെന്നും ജോസ് പറഞ്ഞു.

ജോസ് കെ. മാണിയെ ചെയർമാനായി തെരഞ്ഞെടുത്ത നടപടി സ്റ്റേ ചെയ്തുകൊണ്ടുള്ള ഇടുക്കി കോടതിയുടെ വിധി ശരിവച്ചുകൊണ്ടുള്ള വിധിയാണ് കട്ടപ്പന സബ് കോടതിയും നടത്തിയത്. ചെയർമാനായി തെരഞ്ഞെടുത്തുകൊണ്ടുള്ള നടപടി വിലക്കുന്നതിനൊപ്പം ചെയർമാന്‍ എന്ന നിലയില്‍ ജോസ് കെ. മാണിക്ക് പാർട്ടിയുടെ നടപടികളില്‍ ഇടപെടാനാകില്ലെന്നും കോടതിയുടെ വിധിയില്‍ പറയുന്നു. ഇടുക്കി കോടതി വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജോസ് കെ. മാണി വിഭാഗാണ് കട്ടപ്പന സബ് കോടതിയെ സമീപിച്ചത്. ഇരു വിഭാഗങ്ങളുടെയും വാദങ്ങള്‍ കേട്ടശേഷമാണ് കോടതി വിധി പറഞ്ഞത്.

ജോസ് കെ. മാണിയെ തെരഞ്ഞെടുത്തുള്ള ബദല്‍ സംസ്ഥാന കമ്മിറ്റി പാർട്ടി ഭരണഘടനാ വിരുദ്ധമാണെന്നും കമ്മിറ്റിയില്‍ പങ്കെടുത്തത് വ്യാജ അംഗങ്ങളാണെന്നും ജോസഫ് വിഭാഗം കോടതിയില്‍ വാദിച്ചു.

ജോസ് കെ മാണി ചെയർമാനായി പ്രവർത്തിക്കുന്നത് തടഞ്ഞ് ഇടുക്കി മുൻസിഫ് കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെ ജോസ് കെ. മാണി സമർപ്പിച്ച അപ്പീലിലാണ് ഇന്ന് വിധി പറഞ്ഞത്. ജോസ് കെ മാണിയെ ചെയർമാനായി തെരഞ്ഞെടുത്തുള്ള ബദൽ സംസ്ഥാന കമ്മിറ്റി നിയമവിരുദ്ധമാണെന്നും കമ്മിറ്റിയിൽ പങ്കെടുത്തത് വ്യാജ അംഗങ്ങളെന്നുമാണ് ജോസഫ് പക്ഷത്തിന്റെ വാദം. ഇത് അംഗീകരിച്ചാണ് ഇടുക്കി കോടതി സ്റ്റേ നൽകിയിരുന്നത്. ഇതിനെതിരെയാണ് ജോസ് കെ മാണി അപ്പീൽ നൽകിയത്. കോടതി വിധി അനുകൂലമാകുമെന്ന പ്രതീക്ഷയിൽ ഇന്ന് വൈകിട്ട് തിരുവനന്തപുരത്ത് പി.ജെ ജോസഫ് പാർലമെന്ററി പാർട്ടി യോഗം വിളിച്ചിട്ടുണ്ട്. നിയമസഭയിൽ മൂന്ന് എം.എൽ.എമാരാണ് ജോസഫ് പക്ഷത്ത് ഉള്ളത്.