India Movies

ഒ.ടി.ടി പ്ലാറ്റ്ഫോമുകളില്‍ പോണ്‍ രംഗങ്ങള്‍ വരെയുണ്ട്; നിയന്ത്രണം വേണമെന്ന് സുപ്രീംകോടതി

ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ക്ക് നിയന്ത്രണം വേണമെന്ന് സുപ്രീംകോടതി. ഒ.ടി.ടിയില്‍ വരുന്ന പല സിനിമകളിലും സീരീസുകളിലും പോണ്‍ രംഗങ്ങള്‍ വരെ കടന്നുവരുന്നുണ്ടെന്നും അതിനാല്‍ അത്തരം പരിപാടികള്‍ക്ക് നിയന്ത്രണം വേണമെന്നുമാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. ആമസോണ്‍ പ്രൈമില്‍ വന്ന താണ്ഡവ് എന്ന സീരീസുമായി ബന്ധപ്പെട്ട കേസില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി.

‘സിനിമകള്‍ കാണാന്‍ ഇന്ന് ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളും ഇന്‍റര്‍നെറ്റും ഉപയോഗിക്കുന്നത് സാധാരണമാണ്. ചില സ്‌ക്രീനിംഗ് ഉണ്ടായേ തീരൂ’- ജസ്റ്റിസ് അശോക് ഭൂഷണ്‍ പറഞ്ഞു. പോണ്‍ ഉള്ളടക്കങ്ങള്‍ വരെ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളില്‍ വരുന്നുണ്ടെന്നും നിയന്ത്രണം അനിവാര്യമാണെന്നും ജസ്റ്റിസ് ആര്‍.എസ് റെഡ്ഡി നിരീക്ഷിച്ചു. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളെ സംബന്ധിച്ചുള്ള കേന്ദ്ര സര്‍ക്കാരിന്‍റെ മാര്‍ഗനിര്‍ദേശങ്ങള്‍ അറിയിക്കാന്‍ സുപ്രീംകോടതി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയോട് ആവശ്യപ്പെട്ടു.

താണ്ഡവ് സീരീസ് കേസില്‍ ആമസോണ്‍ ഇന്ത്യ വിഭാഗം മേധാവി അപര്‍ണ പുരോഹിത് സമര്‍പ്പിച്ച ഹരജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി. താണ്ഡവ് സീരീസ് സംവിധായകന്‍ അലി അബ്ബാസ് സഫര്‍, നിര്‍മാതാവ് ഹിമാന്‍ഷി മെഹ്റ, അപര്‍ണ പുരോഹിത് തുടങ്ങിയവര്‍ക്ക് ഇടക്കാല ജാമ്യം നല്‍കാന്‍ സുപ്രീംകോടതി നേരത്തെ വിസമ്മതിച്ചിരുന്നു. ബന്ധപ്പെട്ട കോടതിയെ സമീപിക്കാനാണ് സുപ്രീംകോടതി ഉത്തരവിട്ടത്. തുടര്‍ന്ന് അലഹബാദ് ഹൈക്കോടതി മുന്‍കൂര്‍ജാമ്യം നിഷേധിച്ചു. പിന്നാലെ അപര്‍ണ പുരോഹിത് വീണ്ടും സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. മതവികാരം വ്രണപ്പെടുത്തി എന്ന പരാതിക്ക് പിന്നാലെയാണ് താണ്ഡവ് അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തത്.