Kerala

‘മുഖ്യമന്ത്രി വിളിച്ചിരുന്നു, ചര്‍ച്ച ചെയ്യാമെന്ന് പറഞ്ഞു’; പള്ളികളിൽ പ്രതിഷേധം വേണ്ടെന്ന് സമസ്ത

വഖഫ് ബോർഡ് നിയമനം പി.എസ്.സിക്ക് വിടാനുള്ള നീക്കം സർക്കാർ ഉപേക്ഷിക്കണമെന്ന് സമസ്ത പ്രസിഡണ്ട് ജിഫ്രി മുത്തുക്കോയ തങ്ങൾ. വഖഫ് നിയമനങ്ങളിൽ നിലവിലുള്ള രീതി തുടരണം. സമസ്തയുടെ ആവശ്യം അംഗീകരിച്ചില്ലെങ്കിൽ പ്രതിഷേധം ശക്തിപ്പെടുത്തും.

കഴിഞ്ഞ ദിവസം ചേര്‍ന്ന മുസ്‌ലിം കോഡിനേഷന്‍ കമ്മിറ്റിയുടെ തീരുമാനത്തെ തള്ളുന്നതാണ് സമസ്തയുടെ നിലപാട്. വഖഫ് ബോർഡ് നിയമനം പി.എസ്.സിക്ക് വിട്ട സർക്കാർ തീരുമാനത്തിനെതിരെ കോഴിക്കോട് ടൗൺഹാളിൽ സംഘടിപ്പിച്ച സമസ്ത വഖ്ഫ് മുതവല്ലി സംഗമത്തിൽ സംസാരിക്കുകയായിരുന്നു ജിഫ്രി തങ്ങൾ.

ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ബന്ധപ്പെട്ടിരുന്നു. വഖഫ് നിയമനത്തിൽ സമസ്തക്ക് തെറ്റിദ്ധാരണകൾ ഉണ്ടെങ്കിൽ കൂടിയിരുന്ന് സംസാരിക്കാം എന്ന് പറഞ്ഞിരുന്നു. മുഖ്യമന്ത്രിയുമായുള്ള ചർച്ചയ്ക്ക് ശേഷം പ്രതിഷേധ പരിപാടികൾ തീരുമാനിക്കും.

സമസ്തയുടെ സെക്രട്ടറി ആലിക്കുട്ടി മുസ്‌ലിയാരെ മുഖ്യമന്ത്രിയുടെ പ്രതിനിധിയായി എളമരം കരീം വിളിച്ചിരുന്നു. സർക്കാറിന്റെ ഭാഗത്ത് നിന്ന് പരിഹാരമുണ്ടാകണം എന്നാണ് സമസ്ത നിലപാട്. ഇല്ലെങ്കിൽ എല്ലാ തരത്തിലുള്ള പ്രതിഷേധത്തിന്റെ മുമ്പിലും സമസ്തയുണ്ടാകും.(samsatha)

പള്ളികളില്‍ കൂടിയാകരുത് ഈ പ്രതിഷേധം. അത് അപകടം ചെയ്യും. പള്ളി ആദരിക്കേണ്ട സ്ഥലമാണ്. പള്ളിയുടെ പവിത്രതയ്ക്ക യോജിക്കാത്ത ഒന്നും ഉണ്ടാകരുത്. പള്ളിയില്‍ പ്രതിഷേധിക്കേണ്ട കാര്യങ്ങളുണ്ട്. ഇപ്പോള്‍ അതില്‍ പള്ളിയില്‍ ഉദ്‌ബോധനം വേണ്ട. കൂടിയിരുന്ന് സംസാരിക്കാമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. സമസ്ത അനുകൂലമായ നിലപാട് പ്രതീക്ഷിക്കുന്നു. വിഷയത്തില്‍ വഖഫ് മന്ത്രിയുടെ പ്രസ്താവനയില്‍ പ്രതിഷേധമുണ്ടെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രിയുമായുള്ള ചർച്ചയ്ക്ക് ശേഷം തുടർ പ്രതിഷേധ പരിപാടികൾ തീരുമാനിക്കും.