Kerala Pravasi

പ്രവാസികളുടെ ക്വാറന്‍റൈന്‍ ഫീസ് ഇടാക്കുന്നത് സംബന്ധിച്ച ആശയക്കുഴപ്പം തുടരുന്നു; യു.ഡി.എഫ് പ്രതിഷേധം ഇന്ന്

സാമ്പത്തികമായി ബുദ്ധിമുട്ടുള്ളവരൊഴികെ കേരളത്തിലെത്തുന്ന പ്രവാസികള്‍ ക്വാറന്‍റൈന്‍ ഫീസ് നല്‍കണമെന്നാണ് സര്‍ക്കാര്‍ നിലപാട്

പ്രവാസികളുടെ ക്വാറന്‍റൈന്‍ ഫീസ് ഇടാക്കുന്നത് സംബന്ധിച്ച ആശയക്കുഴപ്പം തുടരുന്നു. ക്വാറന്‍റൈന്‍ ഫീസ് സംബന്ധിച്ച ഉത്തരവ് ഇതുവരെ ഇറങ്ങിയില്ല. ക്വാറന്‍റൈന്‍ വിഷയത്തിലെ യു.ഡി.എഫ് പ്രതിഷേധം ഇന്ന്.

സാമ്പത്തികമായി ബുദ്ധിമുട്ടുള്ളവരൊഴികെ കേരളത്തിലെത്തുന്ന പ്രവാസികള്‍ ക്വാറന്‍റൈന്‍ ഫീസ് നല്‍കണമെന്നാണ് സര്‍ക്കാര്‍ നിലപാട്. ആരൊക്കെ നല്‍കണം എന്നത് സംബന്ധിച്ച വ്യക്തത വരുത്തി സര്‍ക്കാര്‍ ഉത്തരവ് വന്നാലെ അത് പ്രാവര്‍ത്തികമാകൂ. ഇളവ് നല്‍കേണ്ടവരെ തെര‍ഞ്ഞെടുക്കേണ്ട മാനദണ്ഡം തയാറാക്കുന്നത് സംബന്ധിച്ച ആശയക്കുഴപ്പം തുടരുന്നുവെന്നാണ് സൂചന. അതില്‍ വ്യക്തത വന്നാല്‍ ഉത്തരവിറങ്ങുമെന്നാണ് സര്‍ക്കാര‍് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. പ്രവാസികള്‍ക്ക് ക്വാറന്‍റൈന്‍ ഫീസ് ഏര്‍പ്പെടുത്തുന്നതിനെതിരെ സംസ്ഥാനത്തും പ്രവാസ ലോകത്തും ഉയരുന്ന പ്രതിഷേധങ്ങള്‍ സര്‍ക്കാരിന് തലവേദനയായിട്ടുണ്ടെന്നാണ് വിവരം.

അതേസമയം എല്ലാപേരുടെയും ക്വാറന്‍റൈന്‍ ചെലവുകള്‍ വഹിക്കാനുള്ള സാമ്പത്തികാവസ്ഥ സര്‍ക്കാരിനില്ല താനും. പാവപ്പെട്ട പ്രവാസികള്‍ക്ക് ബുദ്ധിമുട്ടുണ്ടാകില്ലെനന്ന് മുഖ്യമന്ത്രി ആവര്‍ത്തി സാഹചര്യത്തില്‍ പാവപ്പെട്ടവര്‍ക്ക് ഇളവ് നല്‍കികൊണ്ട് ഉത്തരവ് വൈകാതെ ഇറങ്ങുമെന്നാണ് കരുതുന്നത്. അതുവരെ നാട്ടിലെത്തുന്ന എല്ലാ പ്രവാസികളുടെയും ക്വാറന്‍റൈന്‍ ചെലവ് സര്‍ക്കാര്‍ വഹിക്കുന്ന നില തുടരുകയും ചെയ്യും.