Kerala

‘തിരുകേശം ബോഡി വേസ്റ്റ് തന്നെ’; വിശ്വാസികളുടെ വിശ്വാസത്തെ മുഖ്യമന്ത്രി തകർക്കുകയാണെന്ന് രമേശ് ചെന്നിത്തല

തിരുകേശം ബോഡി വേസ്റ്റാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിശ്വാസികളുടെ വിശ്വാസത്തെ മുഖ്യമന്ത്രി തകർക്കുകയാണെന്നും മുഖ്യമന്ത്രിയുടെ പ്രസ്താവനയെ അപലപിക്കുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

തിരുകേശം ബോഡി വേസ്റ്റ് തന്നെയെന്ന നിലപാടില്‍ മാറ്റമില്ലെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ മാധ്യമ പ്രവര്‍ത്തകന്‍റെ ചോദ്യത്തിന് മറുപടിയായി പറഞ്ഞിരുന്നു. മുന്‍പ് പറഞ്ഞത് പറഞ്ഞത് തന്നെയാണെന്നും നിങ്ങളുടെ ആരുടെയും സര്‍ട്ടിഫിക്കറ്റിന് വേണ്ടിയല്ല നിലപാട് വ്യക്തമാക്കുന്നതെന്നുമാണ് മുഖ്യമന്ത്രി വിശദീകരിച്ചത്. ഇതിനെതിരെ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ നേതൃത്വം നൽകുന്ന കേരള മുസ്‍ലിം ജമാഅത്ത് രംഗത്തുവന്നിരുന്നു. മുഖ്യമന്ത്രിയുടെ പ്രസ്താവന ഖേദകരമാണെന്ന് കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാരുടെ അധ്യക്ഷതയിൽ ചേർന്ന കേരള മുസ്‍ലിം ജമാഅത്ത് പ്രസ്താവന പുറപ്പെടുവിച്ചു. മത ചിഹ്നങ്ങളെയും വിശ്വാസങ്ങളെയും അനാദരിക്കുന്ന പ്രസ്താവനകൾ വെല്ലുവിളിയായി ഗണിക്കപ്പെടും എന്നും മുസ്‍ലിം ജമാഅത്ത് പ്രസ്താവനയിൽ പറഞ്ഞു.