Kerala

സിൽവർ ലൈൻ കല്ലിടൽ ഇന്നും തുടരും; തടയുമെന്ന് സമരസമിതി

ശക്തമായ പ്രതിഷേധങ്ങൾക്കിടെ സിൽവർ ലൈൻ സർവേ നടപടികൾ ഇന്നും തുടരും. കഴിഞ്ഞദിവസം പ്രതിഷേധം രൂക്ഷമായ കോഴിക്കോട് പടിഞ്ഞാറെ കല്ലായി ഭാഗത്ത് നിന്നാവും ഇന്ന് നടപടികൾ തുടങ്ങുക. പ്രദേശവാസികളുടെ പ്രതിഷേധം കണക്കിലെടുത്ത് ഇന്നലെ കല്ലിടൽ താൽക്കാലികമായി നിർത്തിവെച്ചിരുന്നു. അതേസമയം സർവേ നടപടി തടയുമെന്ന് സമരസമിതി അറിയിച്ചു.

സിൽവർ ലൈൻ ഉദ്യോഗസ്ഥർക്കെതിരെ കൈയ്യേറ്റശ്രമം ഉണ്ടായ പശ്ചാത്തലത്തിൽ കൂടുതൽ പൊലീസിനെ വിന്യസിച്ചാകും ഇന്നത്തെ നടപടികൾ. മുൻകൂട്ടി അറിയിപ്പ് നൽകാതെ വീടുകളിൽ അതിരടയാള കല്ലിടുന്നത് അംഗീകരിക്കില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. ബിജെപിയുടെ മൂന്ന് ദിവസത്തെ സിൽവർ ലൈൻ വിരുദ്ധ പ്രക്ഷോഭ പദയാത്രയ്ക്കും ഇന്ന് ജില്ലയിൽ തുടക്കമാവും. കാട്ടില പീടിക മുതൽ കുഞ്ഞിപ്പള്ളി വരെയാണ് പദയാത്ര.

അതേസമയം ഇന്നലെയും സംസ്ഥാനത്ത് ശക്തമായ പ്രതിഷേധമാണ് കെ റെയിൽ കല്ലിടലിനെതിരെ ഉയർന്നത്. കോഴിക്കോട് കെ റെയിൽ കല്ല് സമരക്കാർ പിഴുത് കല്ലായി പുഴയിലെറിഞ്ഞു. ചോറ്റാനിക്കരയിലും ശക്തമായ പ്രതിഷേധമുണ്ടായി. കോട്ടയത്തും മലപ്പുറത്തും സമരക്കാർ ഉറച്ച് നിൽക്കുന്നു. കണ്ണൂരിലും കൊല്ലത്തും യൂത്ത് കോൺഗ്രസ് പ്രവർത്തകരും സമരവുമായി രംഗത്തെത്തി.