India Kerala

നാടണയാനൊരുങ്ങി പ്രവാസികള്‍

ദുബൈയില്‍ നിന്ന് കോഴിക്കോട്ടേക്കാണ് ആദ്യ വിമാനം, അബൂദബിയില്‍ നിന്ന് കൊച്ചിയിലേക്കും നാളെ സര്‍വീസുണ്ട്, യാത്രക്കാരുടെ ഒരുക്കങ്ങള്‍ അന്തിമഘട്ടത്തിലാണ്

കോവിഡ് മൂലം ഗള്‍ഫ് രാജ്യങ്ങളില്‍ കുടുങ്ങിയ പ്രവാസികൾ നാളെ മുതൽ തിരിച്ചെത്തി തുടങ്ങും. ദുബൈയില്‍ നിന്ന് കോഴിക്കോട്ടേക്കാണ് ആദ്യ വിമാനം. അബൂദബിയില്‍ നിന്ന് കൊച്ചിയിലേക്കും നാളെ സര്‍വീസുണ്ട്. യാത്രക്കാരുടെ ഒരുക്കങ്ങള്‍ അന്തിമഘട്ടത്തിലാണ്. സൗദി, ഖത്തർ എന്നിവിടങ്ങളിൽ നിന്നുളള സർവീസുകൾ നാളെ ഉണ്ടാകില്ല. റാപിഡ് ടെസ്റ്റ് നടത്തിയാകും യാത്രക്കാരെ വിമാനത്തിൽ കയറ്റുക. യു.എ.ഇയിൽ നിന്നും നാളെ രണ്ട് വിമാനങ്ങളിൽ പുറപ്പെടുന്നവരുടെ ടിക്കറ്റ് വിതരണം ഏറെക്കുറെ പൂർത്തിയായി.

നടപടിക്രമങ്ങൾ അവസാനഘട്ടത്തിലാണ്. ആദ്യ വിമാനം ദുബൈയിൽ നിന്ന് രാത്രി 7.40 ഓടെ കോഴിക്കോട് എത്തിച്ചേരും. അബൂദബിയിൽ നിന്ന് കൊച്ചിയിലേക്കുള്ള വിമാനം വൈകുന്നേരം 4.15 പുറപ്പെട്ട് രാത്രി 9.40 ന് നാട്ടിലെത്തും. അഞ്ചു മണിക്കൂർ നേരെത്ത യാത്രക്കാർ വിമാനത്താവളത്തിൽ എത്തിയിരിക്കണമെന്ന് യു.എ.ഇയിലെ ഇന്ത്യൻ എംബസി നിർദേശിച്ചു. രോഗലക്ഷണമില്ലാത്തവരെ മാത്രമേ നാട്ടിലേക്ക് യാത്ര ചെയ്യാൻ അനുവദിക്കൂ. നാട്ടിലെത്തിയാൽ ക്വറന്റയിനിൽ പോകാൻ തയാറാണെന്ന് സത്യവാങ്ങ്മൂലം നൽകണം.

ഇതടക്കം യാത്രക്കാർ പാലിക്കേണ്ട മെഡിക്കൽ പ്രോട്ടോക്കോൾ അധികൃതർ പുറത്തുവിട്ടു. വിമാനത്തിൽ കയറുന്നത് വരെ വിദേശത്തെ ആരോഗ്യ അതോറിറ്റി നിഷ്കർഷിക്കുന്ന ആരോഗ്യ പ്രോട്ടോകോൾ പാലിക്കണം. ഇതനുസരിച്ചായിരിക്കും റാപിഡ് ടെസ്റ്റ്. കൈയുറ, മാസ്ക് സാനിറ്റൈസർ എന്നിവ അടങ്ങുന്ന കിറ്റും യാത്രക്കാർക്ക് നൽകും. അതേസമയം നാളെ ഖത്തറിൽ നിന്നും സൗദിയിൽ നിന്നും പുറപ്പെടേണ്ട വിമാനങ്ങളുടെ ഷെഡ്യൾ മാറ്റി. ദോഹയിൽ നിന്നും നാളെ പുറപ്പെടേണ്ട വിമാനം ഒമ്പതിലേക്കാണ് മാറ്റിയത്. സൗദിയിൽ നിന്ന് മറ്റന്നാൾ വിമാനം പുറപ്പെടുമെന്ന് ഇന്ത്യൻ അംബാസഡർ അറിയിച്ചു.