Kerala

ഹേമാ കമ്മിറ്റി റിപ്പോർട്ട് റിപ്പോർട്ട് പുറത്ത് വന്നാൽ പല വിഗ്രഹങ്ങളും ഉടയും : പാർവതി തിരുവോത്ത്

ഹേമാ കമിറ്റി റിപ്പോർട്ട് നീട്ടിക്കൊണ്ട് പോകാനാണ് സർക്കാർ ശ്രമിക്കുന്നത് പാർവതി തിരുവോത്ത്. റിപ്പോർട്ട് പുറത്ത് വന്നാൽ പല വിഗ്രഹങ്ങളും ഉടയുമെന്നും പാർവതി പറഞ്ഞു.

തെരഞ്ഞെടുപ്പ് വരുമ്പോൾ മാത്രമാണ് സർക്കാർ സ്ത്രീ സൗഹൃദമാകുന്നത്. റിപ്പോർട്ട് നടപ്പാവാൻ അടുത്ത തെരഞ്ഞെടുപ്പ് വരെ കാത്തിരിക്കേണ്ടി വരുമെന്നും പാർവതി തിരുവോത്ത് പറഞ്ഞു. സഹപ്രവർത്തകർക്ക് ചൂഷണം നേരിടുന്നത് കണ്ടിരിക്കാനാവില്ലെന്നും പാർവതി തിരുവോത്ത് പറഞ്ഞു.

സിനിമ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങളെ പഠിച്ച് തയ്യാറാക്കിയ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടാത്തതിൽ അതൃപ്തി അറിയിച്ച് നടി പാർവ്വതി തിരുവോത്ത് നേരത്തെയും രംഗത്തുവന്നിട്ടുണ്ട്. ലൈംഗിക അതിക്രമത്തെ അതിജീവിച്ചവരുടെ പേര് പുറത്തുവിടുന്നതിൽ പ്രശ്‌നമില്ലെന്ന് അറിയിച്ചിട്ടും റിപ്പോർട്ട് പുറത്തുവിടാത്തതെന്ത് എന്ന ചോദ്യമാണ് പാർവ്വതി ഉന്നയിച്ചത്. പ്രശ്‌നം അനുഭവിച്ചവർ റിസ്‌ക് എടുക്കാൻ തയ്യാറായിട്ടും റിപ്പോർട്ട് പുറത്തുവിടാത്തത് ആരെ സംരക്ഷിക്കാനാണെന്നും പാർവ്വതി ചോദിച്ചു. റിപ്പോർട്ട് പുറത്തുവരാതിരുന്നാൽ നടപടിയുണ്ടാകില്ലെന്ന ധാർഷ്ട്യത്തോടെയാണ് സ്ത്രീകൾക്കെതിരായ ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നതെന്നും പാർവ്വതി ട്വന്റിഫോർ ന്യൂസിനോട് പറഞ്ഞു.

ജസ്റ്റിസ് ഹേമ അധ്യക്ഷയായ കമ്മിറ്റി അന്വേഷണ കമ്മീഷൻ നിയപ്രകാരമുണ്ടായിട്ടുള്ള കമ്മിറ്റിയല്ലാത്തതിനാൽ സർക്കാരിന് പഠന റിപ്പോർട്ട് നിയമസഭയിൽ വെയ്‌ക്കേണ്ട സാഹചര്യമില്ലെന്നാണ് ഡബ്ല്യുസിസി അംഗങ്ങളുമായുള്ള കൂടിക്കാഴ്ച്ചയ്ക്കുശേഷം വനിതാ കമ്മീഷൻ വിശദീകരിച്ചത്. ഇക്കാര്യം മുൻ സാംസ്‌കാരികവകുപ്പുമായി സംസാരിച്ചിരുന്നെന്നും പി സതീദേവി അറിയിച്ചു. ഹേമ കമ്മിറ്റി റിപ്പോർട്ട് പരിശോധിച്ചശേഷം സർക്കാർ ആവശ്യമായ നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അവർ പറഞ്ഞു. സിനിമാ മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് പഠിക്കാനാണ് ഹേമ കമ്മിറ്റിയെ നിയോഗിച്ചത്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടണമെന്നതുൾപ്പടെയുള്ള ആവശ്യങ്ങളാണ് ഡബ്ല്യുസിസി വനിതാ കമ്മീഷന് മുന്നിൽ വെച്ചത്.

ഡബ്ല്യുസിസി അംഗങ്ങൾ ഉന്നയിച്ച കാര്യങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ ഉറപ്പുനൽകി. സിനിമാ മേഖലയിലേക്ക് പുതിയ പെൺകുട്ടികൾ കടന്നുവരുമ്പോൾ അവർക്ക് നല്ല ആത്മവിശ്വാസത്തോടെ സർഗവാസനകൾ പ്രകടിപ്പിക്കാൻ കഴിയേണ്ടതുണ്ട്. അതിനുള്ള സാഹചര്യം ഉറപ്പുവരുത്താൻ നിയമനിർമ്മാണം ആവശ്യമാണെന്നും വനിതാ കമ്മീഷൻ കൂട്ടിച്ചേർത്തു.