Kerala

ഉമ്മന്‍ചാണ്ടി നയിക്കും; സമിതിയില്‍ 10 അംഗങ്ങള്‍

കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ ഉമ്മന്‍ചാണ്ടി നയിക്കും. ഉമ്മൻചാണ്ടി കോൺഗ്രസിന്‍റെ തെരഞ്ഞെടുപ്പ് നിയന്ത്രണ സമിതി ചെയർമാനാകും. പത്തംഗ സമിതിയാണ് ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിലുണ്ടാവുക. നിയമസഭാ തെരഞ്ഞെടുപ്പിൽ ജയം മാത്രമാണ് ലക്ഷ്യമെന്നും സ്ഥാനാർഥി നിർണയത്തിൽ ഗ്രൂപ്പ് വീതംവെപ്പ് ഉണ്ടാവരുതെന്നും ഹൈക്കമാൻഡ് നേതാക്കൾക്ക് നിർദേശം നൽകി. ജയിച്ചതിന് ശേഷം മാത്രമേ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കൂവെന്ന് എ കെ ആന്‍റണി പറഞ്ഞു.

കെ സി വേണുഗോപാൽ, താരിഖ് അൻവർ, രമേശ് ചെന്നിത്തല, വി എം സുധീരൻ, കെ മുരളീധരൻ, മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ സുധാകരൻ, ശശി തരൂര്‍, കൊടിക്കുന്നില്‍ സുരേഷ് എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍. എല്ലാം വിശദമായി ചര്‍ച്ച ചെയ്തെന്ന് കേരളത്തിന്‍റെ ചുതലയുള്ള താരിഖ് അന്‍വര്‍ വ്യക്തമാക്കി.

കെ.സി വേണുഗോപാലിന്‍റെ അധ്യക്ഷതയിലാണ് ഇന്ന് യോഗം ചേര്‍ന്നത്. തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ ഉമ്മന്‍ചാണ്ടി സജീവമാകേണ്ടത് അനിവാര്യമാണെന്ന് ഹൈക്കമാന്‍ഡ് വിലയിരുത്തി. മുസ്‍ലിം ലീഗ് അടക്കമുള്ള ഘടക കക്ഷികളും ഉമ്മന്‍ചാണ്ടി നേതൃത്വത്തിലേക്ക് വരണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു.

പുതിയ ദിശാബോധത്തോടെയുള്ള പ്രവർത്തനമാണ് ഉണ്ടാവുകയെന്ന് കെ സി വേണുഗോപാൽ പ്രതികരിച്ചു. ജനങ്ങളുടെ പൂര്‍ണമായ പങ്കാളിത്തം ഉറപ്പാക്കിയാവും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോവുക എന്ന് രമേശ് ചെന്നിത്തല പറഞ്ഞു. യോഗ്യതയുടെ അടിസ്ഥാനത്തിലാകും സ്ഥാനാർഥി നിർണയമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ വ്യക്തമാക്കി. ഹൈക്കമാൻഡുമായുള്ള ചർച്ചക്ക് ശേഷം നേതാക്കൾ സംയുക്തമായാണ് മാധ്യമങ്ങളെ കണ്ടത്.