International

ബൈഡന്‍റെ സ്ഥാനാരോഹണം: സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ വരെ അക്രമം നടത്തിയേക്കാമെന്ന് മുന്നറിയിപ്പ്

അമേരിക്കയിൽ ജോ ബൈഡന്‍റെ സ്ഥാനാരോഹണത്തിനിടെ അക്രമത്തിന് സാധ്യതയെന്ന് എഫ്ബിഐ റിപ്പോർട്ട്. സുരക്ഷാ ചുമതലയുള്ള സൈനിക ഉദ്യോഗസ്ഥർ വരെ ആക്രമണം നടത്തിയേക്കാമെന്നാണ് റിപ്പോർട്ട്. ബുധനാഴ്ചയാണ് ബൈഡന്‍റെ സത്യപ്രതിജ്ഞ.

ജോ ബൈഡനെ അമേരിക്കയുടെ പുതിയ പ്രസിഡന്റായി യുഎസ് കോൺഗ്രസ് പ്രഖ്യാപിച്ച ദിവസം കാപിറ്റോൾ മന്ദിരത്തിലുണ്ടായ കലാപം പോലെ സത്യപ്രതിജ്ഞാ ദിനത്തിലും ആക്രമണം ഉണ്ടാകുമെന്നാണ് എഫ്ബിഐയുടെ മുന്നറിയിപ്പ്. സത്യപ്രതിജ്ഞാ ചടങ്ങിന് മുന്നോടിയായി 2500 നാഷണൽ ഗാർഡ് അംഗങ്ങളെയാണ് വാഷിങ്ടൺ ഡിസിയിൽ നിയോഗിച്ചിട്ടുള്ളത്. ഇവരിൽ നിന്നു വരെ ആക്രമണം ഉണ്ടാകാമെന്ന് എഫ്ബിഐ ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി. മുതിർന്ന ഉദ്യോഗസ്ഥർ ഓരോരുത്തരെയും കൃത്യമായി വിലയിരുത്തണമെന്നും പഴുതടച്ച പരിശോധന വേണമെന്നുമാണ് എഫ്ബിഐ നിർദേശം നൽകിയിരിക്കുന്നത്.

ബുധനാഴ്ചയാണ് ജോ ബൈഡൻ അമേരിക്കയുടെ പുതിയ പ്രസിഡന്‍റായി അധികാരമേൽക്കുക. ഡോണൾഡ് ട്രംപ് ചടങ്ങിൽ പങ്കെടുക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. അന്നേ ദിവസം 50 സംസ്ഥാനങ്ങളിലും കലാപത്തിന് സാധ്യതയുണ്ടെന്ന് നേരത്തെ എഫ്ബിഐ മുന്നറിയിപ്പ് നൽകിയിരുന്നു.

ബൈഡന്‍റെ പുതിയ ഭരണ ടീമിൽ ഇരുപതിലധികം ഇന്ത്യൻ വംശജരുണ്ട്. വൈറ്റ്ഹൗസ് ഓഫിസ് ഓഫ് മാനേജ്മെന്റ് ആൻഡ് ബജറ്റിന്റെ ഡയറക്ടർ നീര ഠണ്ഡനാണ്. യുഎസ് ദേശീയ സുരക്ഷാ കൗൺസിലിൽ ശാന്തി കളത്തിൽ അംഗമാണ്. കോവിഡ് കർമ സമിതിയിൽ അംഗമാണ് വിദുര ശർമ.