Kerala

ഊർങ്ങാട്ടിരിയിലും ചീക്കോടും ക്വാറന്‍റൈന്‍ ലംഘിച്ച യുവാക്കള്‍ക്ക് കോവിഡ് ; നിരവധി പേരുമായി സമ്പര്‍ക്കം

യുവാവ് എത്തിയ കടകളിലുണ്ടായിരുന്നവരോട് ക്വാറന്‍റൈനില്‍ പോകാന്‍ നിര്‍ദ്ദേശം നല്‍കി

മലപ്പുറം ഊർങ്ങാട്ടിരിയിലും ചീക്കോടും ക്വാറന്‍റൈന്‍ ലംഘിച്ച യുവാക്കള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. യുവാക്കൾ ക്വാറന്‍റൈന്‍ ലംഘിച്ച് പലസ്ഥലങ്ങളിലും യാത്ര ചെയ്തിരുന്നു. ഇരുവരും സമ്പർക്കം പുലർത്തിയ ആളുകളെ നിരീക്ഷണത്തിലാക്കി. അതിനിടെ ട്രിപ്പിൾ ലോക് ഡൗൺ തുടരുന്ന പൊന്നാനിയില്‍ പരിശോധനക്കെടുത്ത 680 സ്രവങ്ങളിൽ 676 പരിശോധന ഫലങ്ങൾ നെഗറ്റീവ് ആണ്. കോഴിക്കോട് വലിയങ്ങാടിയിൽ വ്യാപാരിയുടെ മകന് കോവിഡ്‌ സ്ഥിരീകരിച്ചതോടെ ജില്ലയില്‍ കോവിഡ് വ്യാപന ആശങ്ക ഉയർന്നു .

ജൂൺ 16 ന് ബംഗളൂരുവിൽ നിന്ന് എത്തിയ മലപ്പുറം ഊർങ്ങാട്ടേരി സ്വദേശിയായ യുവാവിന് ജൂലൈ 1ന് ആണ് കോവിഡ് സ്ഥിരീകരിച്ചത്. 24 ന് കോവിഡ് പരിശോധനക്ക് വിധേയമാക്കി. ക്വാറന്‍റൈനിലായിരുന്ന യുവാവ് പരിശോധന ഫലം കാത്ത് നിൽക്കാതെ ജൂൺ 30നു തന്നെ പുറത്ത് ഇറങ്ങിയത് ആണ് വിനയായത്. കുടുംബ വീടുകളിലും കളി സ്ഥലത്തുമായി ഇയാളുമായി സമ്പർക്കം പുലർത്തിയ 64 പേരെ നിരീക്ഷണത്തിലേക്ക് മാറ്റി. ക്വാറന്‍റൈന്‍ ലംഘനത്തിന് ഇയാൾക്കെതിരെ അരീക്കോട് പോലീസ് കേസെടുത്തിട്ടുണ്ട് .കൂടാതെ കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ച എടവണ്ണപ്പാറ ചീക്കോട് സ്വദേശിയായ യുവാവിന് നിരവധി പേരുമായി സമ്പർക്കമുള്ളതായി ആരോഗ്യ വകുപ്പ് കണ്ടത്തി. ജൂൺ18ന് തിയതി ജമ്മുവിൽ നിന്നും നാട്ടിലെത്തിയ യുവാവ് ക്വാറന്‍റൈന്‍ ലംഘിച്ച് എടവണ്ണപ്പാറയിലെ മൊബൈൽ ഷോപ്പുകൾ ഉൾപ്പടെ നിരവധി കടകളിൽ എത്തിയിട്ടുണ്ട്.

ട്രിപ്പിൾ ലോക് ഡൗൺ തുടരുന്ന പൊന്നാനിയിലെ കൂടുതൽ കോവിഡ് പരിശോധനാ ഫലങ്ങൾ പുറത്തുവന്നു. പരിശോധനക്കെടുത്ത 680 ൽ 676 പരിശോധന ഫലങ്ങൾ നെഗറ്റീവ് ആണ്. സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായ എടപ്പാൾ ആശുപത്രി ജീവനക്കാരിൽ 479 ൽ 478 പേർക്കും രോഗമില്ല. അതേസമയം കോഴിക്കോട് വലിയങ്ങാടിയിലെ വ്യാപാരിയുടെ മകന് കോവിഡ്‌ സ്ഥിരീകരിച്ചതിനെ തുടർന്ന് വലിയങ്ങാടി മാർക്കറ്റിലും കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി . മാർക്കറ്റിൽ നിന്നും 100 പേരുടെ സാമ്പിളുകൾ ശേഖരിച്ചു പരിശോധിക്കും.