Kerala

നവകേരള സദസ് വേദിക്കായി പഴയ സ്‌കൂള്‍ കെട്ടിടവും കവാടവും പൊളിച്ചതായി ആരോപണം


നവകേരള സദസിന് വേദി ഒരുക്കാന്‍ കോട്ടയം പൊന്‍കുന്നത്തെ ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പഴയ കെട്ടിടവും പ്രവേശന കവാടവും പൊളിച്ചു മാറ്റിയതായി ആരോപണം. എന്നാല്‍ കാലപഴക്കം മൂലം ഫിറ്റ്‌നസ് ലഭിക്കാത്ത കെട്ടിടമാണ് പൊളിച്ചു മാറ്റിയതെന്നും ഇതിന് നവകേരള സദസുമായി ഒരു ബന്ധവുമില്ലെന്നുമാണ് ജില്ലാ പഞ്ചായത്തിന്റെ വിശദീകരണം.

ഡിസംബര്‍ 12 ന് കാഞ്ഞിരപ്പള്ളി മണ്ഡലത്തിലെ നവകേരള സദസിന് വേദിയാകുന്ന പൊന്‍കുന്നം ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ഉപയോഗ ശൂന്യമായ പഴയ കെട്ടിടമാണ് പൊളിച്ചു മാറ്റിയത്. മൂന്ന് വര്‍ഷം മുന്‍പ് സ്‌കൂളിന് പുതിയ കെട്ടിടം നിര്‍മിച്ചതോടെ
പഴയ കെട്ടിടം പൊളിക്കാന്‍ തീരുമാനിച്ചിരുന്നു. സ്‌കൂളിന് സമീപത്തെ മരങ്ങള്‍ വെട്ടിമാറ്റുന്നതുമായി ബന്ധപ്പെട്ട് വാല്യൂവേഷന്‍ പൂര്‍ത്തിയാകത്തതാണ് പൊളിക്കല്‍ വൈകാന്‍ കാരണം. കെട്ടിടം ഇപ്പോള്‍ പൊളിച്ചു മാറ്റുന്നതില്‍ നവകേരള സദസുമായി ബന്ധമില്ലെന്നും ജില്ലാ പഞ്ചായത്തിന്റെ വിശദീകരണം.

പഴയ കെട്ടിടം പൊളിച്ചുമാറ്റുന്നതോടെ അപകടസ്ഥിതി ഒഴിവാകുന്നതോടൊപ്പം സ്‌കൂളിന് കൂടുതല്‍ സ്ഥല സൗകര്യം ലഭിച്ചതായും സ്‌കൂള്‍ അധികൃതര്‍ പറയുന്നു. നവകേരള സദസ് മുന്നില്‍ കണ്ട് മാത്രമാണ് കെട്ടിടം വേഗത്തില്‍ പൊളിച്ചു മാറ്റിയതെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. സംഭവത്തില്‍ പ്രതിഷേധിച്ച്
യൂത്ത് കോണ്‍ഗ്രസിന്റ നേതൃത്വത്തില്‍ ഡി ഇ ഒ ഓഫീസിലേക്ക് ഇന്ന് മാര്‍ച്ച് നടത്തും.