India Kerala

തദ്ദേശ വാർഡ് വിഭജന ബില്ല് ഇന്ന് നിയമസഭ പാസാക്കും

തദ്ദേശ സ്ഥാപനങ്ങളുടെ വാർഡ് വിഭജന ബില്ലും, ക്രിസ്ത്യൻ സെമിത്തേരികളിലെ മൃതദേഹം അടക്കലിനായുള്ള അവകാശം നൽകുന്ന സെമിത്തേരി ബില്ലും നിയമസഭ ഇന്ന് പാസാക്കും. സെമിത്തേരി ബില്ലിൽ ചില മാറ്റങ്ങൾ വരുത്തിയാണ് സഭ പാസാക്കുന്നത്.

തദ്ദേശ സ്ഥാപനങ്ങളിലെ വാർഡുകളുടെ എണ്ണം വർധിപ്പിക്കാൻ വേണ്ടി ഓർഡിനൻസ് ഇറക്കിയെങ്കിലും ഗവർണർ ഒപ്പിടാത്തതിനെ തുടർന്നാണ് ബിൽ കൊണ്ടുവരാൻ സർക്കാർ തീരുമാനിച്ചത്. ഓർഡിനൻസിൽ ഒപ്പിടാൻ വിസമ്മതിച്ച ഗവർണർ ബില്ല് വരുമ്പോൾ എന്തെങ്കിലും തടസ്സവാദങ്ങൾ ഉന്നയിക്കുമോ എന്ന ആശങ്ക സർക്കാർ വൃത്തങ്ങൾക്കുണ്ട്. ബിൽ പാസായതിന് പിന്നാലെ വാർഡ് വിഭജനത്തിന്റെ തുടർ നടപടികളുമായി മുന്നോട്ട് പോകാനാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനം.

ഓർത്തഡോക്സ് – യാക്കോബായ സഭകൾക്കിടയിലെ തർക്കത്തെ തുടർന്ന് ശവമടക്ക് നടക്കാതിരിക്കുന്ന പശ്ചാത്തലത്തിലാണ് ശവമടക്കലിന് അവകാശം നൽകുന്ന ബിൽ സർക്കാർ കൊണ്ടുവന്നത്.നിയമം മറ്റ് സഭകളെ കൂടി ബാധിക്കുമോ എന്ന ആശങ്ക പ്രതിപക്ഷം പങ്ക് വെച്ചതിനെ തുടർന്ന് ഓർത്തഡോക്സ് – യാക്കോബായ സഭകൾക്ക് വേണ്ടി മാത്രമായി ബിൽ പരിമിതപ്പെടുത്തിയിരുന്നു.

ബജറ്റിൻ മേലുള്ള ചർച്ചയും ഇന്ന് സഭയിൽ നടക്കും.