Kerala

തിരുവനന്തപുരത്ത് ഭീകര ബന്ധം ആരോപിച്ച് രണ്ട് പേരെ എന്‍.ഐ.എ കസ്റ്റഡിയിലെടുത്തു

കണ്ണൂർ പാപ്പിനിശേരി സ്വദേശി ഷുഹൈബ്, ഉത്തർപ്രദേശുകാരൻ ഗുൽ നവാസ് എന്നിവരാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ വെച്ച് പിടിയിലായത്. 2008ൽ ബംഗളൂരുവിൽ നടന്ന സ്ഫോടന പരമ്പര കേസിലെ പ്രതിയാണ് ഷുഹൈബ്. 9 വ്യത്യസ്ത ഇടങ്ങളിൽ നടന്ന സ്ഫോടനങ്ങളിൽ ഒരു സ്ത്രീ കൊല്ലപ്പെടുകയും ഇരുപത് പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. ബംഗളൂരു സെൻട്രൽ ക്രൈം ബ്രാഞ്ചാണ് അന്വേഷിക്കുന്നത്. തടിയന്‍റവിട നസീർ ഉൾപ്പെടെയുള്ളവരുമായി ബന്ധമെന്ന് സംശയിക്കുന്നുണ്ട്.

ഉത്തർപ്രദ്ദേശ് സ്വദേശിയായ മുഹമ്മദ് ഗുൽ നവാസിന് ലഷ്കർ ഇ തൊയിബ ബന്ധമെന്നാണ് എൻ.ഐ.എ പറയുന്നത്. യു എ ഇയിൽ നിന്ന് ലഷ്കർ ഇ തൊയിബയ്ക്ക് ധനസമാഹരണം നടത്തിയെന്ന് കാണിച്ച് 2017ൽ എൻ.ഐ.എ രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയാണ്. റിയാദിലായിരുന്ന ഇരുവരെയും ഇൻറർപോൾ വഴി റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചാണ് തിരിച്ചെത്തിച്ചത്. ബംഗളൂരു സെൻട്രൽ ക്രൈം ബ്രാഞ്ചിന് കൈമാറിയ ഷുഹൈബിനെ ബെംഗളൂരുവിലെത്തിച്ച ശേഷം വിശദമായി ചോദ്യം ചെയ്യും. ഗുൽ നവാസിനെ എൻ. ഐ.എ സംഘം ഇന്ന് ഡൽഹിക്ക് കൊണ്ടു പോകും.