Business Kerala

ഡബിൾ സെഞ്ചുറിയടിച്ച് ചെറുനാരങ്ങ വില; ഇത് ചരിത്രത്തിലാദ്യം

ചെറുനാരങ്ങ എന്നാണ് പേരെങ്കിലും ഇപ്പോൾ വിപണിയിൽ അത്ര ചെറുതല്ല കക്ഷി. ചരിത്രത്തിലാദ്യമായി ഡബിൾ സെഞ്ചുറിയടിച്ച് കുതിക്കുകയാണ് ചെറുനാരങ്ങയുടെ വില. വേനലിൽ ഉപഭോഗം കൂടിയതും ലഭ്യത കുറഞ്ഞതുമാണ് വില വർധനവിന് കാരണം. ഇതാദ്യമായി 200 കടന്ന് കുതിക്കുകയാണ് ഒരു കിലോ ചെറുനാരങ്ങയുടെ വില.

മൂപ്പെത്താത്ത പച്ച നാരങ്ങക്ക് കൊടുക്കണം കിലോയ്ക്ക് 180 രൂപ. മുൻപ് 20 രൂപക്ക് ഒരു കിലോ നാരങ്ങ കിട്ടുമായിരുന്നു. ഇപ്പോൾ ആ തുകയ്ക്ക് മൂന്നു നാരങ്ങ തികച്ച് കിട്ടില്ല. നാരങ്ങയൊന്നിന് 7 മുതൽ 8 രൂപ വരെയാണ് വില.

തമിഴ്‌നാട്ടിലെ പുളിയൻകുടി, മധുര, രാജമുടി എന്നിവിടങ്ങളിൽ നിന്നാണ് കേരളത്തിലേക്ക് നാരങ്ങ എത്തുന്നത്. കയറ്റുമതി കൂടിയതും തമിഴ്‌നാട്ടിലെ ഉത്സവങ്ങൾക്ക് മാല ചാർത്താനായി വലിയതോതിൽ നാരങ്ങയുടെ ഉപയോഗം വന്നതുമാണ് ഇപ്പോഴത്തെ വില വർധനവിന് കാരണം.

വേനലിൽ പൊതുവേ ചെറുനാരങ്ങയുടെ വില വർധിക്കാറുണ്ടെങ്കിലും ഇത്രയും വില വർധനവ് ഇതാദ്യമാണ്. ഓരോ ദിവസവും ഉണ്ടാവുന്ന വില വർധനവ് വ്യാപാരികളെയും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.